Petrol Diesel Price : കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കല്‍, സംസ്ഥാനം അധിക നികുതി വരുമാനം വേണ്ടെന്നു വെയ്ക്കണം; വിഡി സതീശൻ

സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രം നികുതി വര്‍ധിപ്പിച്ചപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 22, 2022, 01:41 PM IST
  • ഇന്ധന നികുതിയില്‍ നിന്നും അധികമായി ലഭിക്കുന്ന വരുമാനം വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണം.
  • സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രം നികുതി വര്‍ധിപ്പിച്ചപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
  • നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
  • തൃക്കാക്കരയ്ക്ക് വേണ്ടി എല്‍.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രിക കാപട്യമാണ്.
Petrol Diesel Price : കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കല്‍, സംസ്ഥാനം അധിക നികുതി വരുമാനം വേണ്ടെന്നു വെയ്ക്കണം;  വിഡി സതീശൻ

കൊച്ചി: ഇന്ധന നികുതിയില്‍ നാമമാത്രമായ കുറവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും കൂടുതല്‍ കുറവ് വരുത്താന്‍ കേന്ദ്രം തയാറാകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇന്ധന നികുതിയില്‍ നിന്നും അധികമായി ലഭിക്കുന്ന വരുമാനം വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണ്. ഓരോ തവണയും ഇന്ധന വില കൂടുമ്പോള്‍, നികുതി വരുമാനം കൂടുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണ്. നൂറു രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിന്റെ 30.8 ശതമാനമാണ് കേരളത്തിന് ലഭിക്കുന്നത്. അത് മറച്ചുവച്ചുകൊണ്ടാണ് ഇപ്പോഴത്തെ ധനകാര്യമന്ത്രിയും മുന്‍ ധനകാര്യമന്ത്രിയും സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രം നികുതി വര്‍ധിപ്പിച്ചപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നാല് തവണ അധിക നികുതി വരുമാനം ഒഴിവാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 600 കോടിയുടെ അധിക വരുമാനമാണ് വേണ്ടെന്ന് വച്ചത്. ഈ മാതൃക പിണറായി സര്‍ക്കാര്‍ പിന്തുടരണം. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 6000 കോടിയുടെ അധിക നികുതി വരുമാനമാണ് കേരളത്തിന് ലഭിച്ചത്. ഇതില്‍ ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ കുറച്ചിട്ടില്ലെന്നും വി.ഡി.സതീശൻ ചൂണ്ടി കാട്ടി.

ALSO READ: Fuel Price: കേന്ദ്രം ഇന്ധന നികുതി കുറച്ചു : ആനുപാതികമായി കുറഞ്ഞതിന് വീമ്പ് പറയാതെ കേരളവും നികുതി കുറയ്ക്കണം

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. തൃക്കാക്കരയില്‍ തൊണ്ണൂറ്റിഒന്‍പത്, നൂറ് ആക്കാന്‍ നടക്കുകയാണ്. പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്. എല്ലാ സാധനങ്ങളുടെയും വില കൂടുകയാണ്. ഒരു കാലത്തും ഇല്ലാത്തതരത്തിലുള്ള വിലക്കയറ്റമാണ് കേരളത്തിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തൃക്കാക്കരയ്ക്ക് വേണ്ടി എല്‍.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രിക കാപട്യമാണ്. കഴിഞ്ഞ 6 വര്‍ഷമായി കൊച്ചിയുടെ വികസനത്തിന് വേണ്ടി പിണറായി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. കെ. കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ കാലത്താണ് എറാണാകുളം ജില്ലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. നായനാരും അച്യുതാനന്ദനും പിണറായി വിജയനും ഭിരിച്ചപ്പോള്‍ ജില്ലയില്‍ നടത്തിയ ഏതെങ്കിലും ഒരു വികസനത്തിന്റെ അടയാളം കാട്ടിത്തരാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി കൊച്ചിയില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. കൊച്ചിയുടെ വികസനത്തിന് തുരങ്കം വച്ചവരാണ് ഇപ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത്. ഇടതുപക്ഷത്തിന്റെ വാഗ്ദാനങ്ങള്‍ക്ക് കടലാസിന്റെ വില പോലുമില്ല. തൃക്കാക്കരയിലെ ജനങ്ങള്‍ അത് വിശ്വസിക്കില്ല. 

പി.സി ജോര്‍ജിന് മുങ്ങാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്തത് സര്‍ക്കാരാണ്. അറസ്റ്റ് നാടകം നടത്തി സ്വന്തം കാറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പുഷ്പഹാരങ്ങള്‍ ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്തെ കോടതിയില്‍ എത്തിച്ചത്. കോടതിയില്‍ എത്തിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായില്ല. എഫ്.ഐ.ആറില്‍ ഒന്നും ഇല്ലെന്നു കണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. കോടതിക്ക് പുറത്തും തൃക്കാക്കരയിലും ജോര്‍ജ് വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ചു. എന്നിട്ടും നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ഒരാളെ നിരീക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ പൊലീസെന്നും വി.ഡി.സതീശൻ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങള്‍ നോക്കാന്‍ വിട്ട ഇന്റലിജന്‍സുകാരെയും പൊലീസുകാരെയും ജോര്‍ജിന് പിന്നാലെ വിട്ടിരുന്നെങ്കില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യാമായിരുന്നു. തൃക്കാരയില്‍ പ്രസംഗം നടത്താന്‍ ജോര്‍ജിനെ ക്ഷണിച്ച് കൊണ്ടുവന്നത് ആരാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. ജോര്‍ജിനെ ക്ഷണിച്ച് കൊണ്ടുവന്നയാള്‍ക്ക് അടുത്തിടെ കോണ്‍ഗ്രസ് വിട്ട ഡി.സി.സി ഭാരവാഹിയുമായി ബന്ധമുണ്ട്. ഇയാള്‍ക്ക് ഇ.പി ജയരാജനുമായി എന്ത് ബന്ധമാണുള്ളതെന്നും  അന്വേഷിക്കണം. എല്‍.ഡി.എഫില്‍ നടക്കുന്ന നാടകങ്ങളെ കുറിച്ചു കൂടി മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News