കൊച്ചി: പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതിയെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്നാണ് ജിഎസ്ടി കൗണ്‍സില്‍ ഏകകണ്‌ഠേന സ്വീകരിച്ച നിലപാട്.
വലിയ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് ജിഎസ്ടി കൗണ്‍സില്‍. പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിൽ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ALSO READ: Petrol Diesel Price| അവസാനിക്കുന്നില്ല, പെട്രോളിനും ഡീസലിനും ഇന്നും വില കൂടി
വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളെക്കൂടി ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. വിഷയത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
നികുതി വിഷയങ്ങളില്‍ അന്തിമ തീരുമാനം ജിഎസ്ടി കൗണ്‍സിലാണ് സ്വീകരിക്കുക. വിഷയം അവിടെ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജിഎസ്ടി കൗണ്‍സിലില്‍ ഈ വിഷയം ചര്‍ച്ച ചെയ്തെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളെല്ലാം പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തു. രാജ്യത്തെ ഇന്ധന വില കുറയ്ക്കുന്നതിനായാണ് പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതെന്നായിരുന്നു മുൻപ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...