Pinarayi Vijayan: കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത ബജറ്റ്; പിണറായി വിജയൻ

Pinarayi Vijayan: എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 11:45 PM IST
  • കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല.
  • എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല.
Pinarayi Vijayan: കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത ബജറ്റ്; പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടുള്ളതായി കാണാനില്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, ഈ വഴിക്കുള്ള ഏതു നീക്കത്തിനും അവശ്യം ആവശ്യമായുള്ളതു സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നു. മേഖലാപരമായ അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതും സംസ്ഥാന താൽപര്യങ്ങളെ നിഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. മൂലധന ചിലവുകൾക്കായി സംസ്ഥാനങ്ങൾക്കു പൊതുവിൽ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറച്ചിരിക്കുകയാണ്.

ALSO READ: കേരളം ഇന്ത്യയിൽ ആണോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റ്; വി ഡി സതീശൻ

കഴിഞ്ഞ വർഷം നീക്കിവെച്ചതിനെ അപേക്ഷിച്ച് കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സർക്കാർ ചിലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്‌സ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി - പട്ടികവർഗ്ഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തിൽ ഇതാണ് അവസ്ഥ. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, തുടങ്ങിയവയ്ക്കായുള്ള ചിലവാക്കൽ കുറച്ചിരിക്കുകയാണ്. തൊഴിൽ വർദ്ധിപ്പിക്കൽ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോർപ്പസ് ഫണ്ട് എന്നതിൽ ഇതാണു തെളിയുന്നത്. 

ഇലക്ഷൻ വർഷമായിട്ടുകൂടി രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിന്റെയോ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ നിന്നുതന്നെ ഇന്നാട്ടിലെ പാവപ്പെട്ടവരോടും നമ്മുടെ സംസ്ഥാനത്തോടും എന്തു സമീപനമാണ് ബി ജെ പി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നത് കൂടുതൽ വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടരുക തന്നെ ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News