സ്വന്തം നാട്ടിൽ ഞാൻ അവഗണിക്കപ്പെട്ടു; ഇനിയില്ല ഇങ്ങോട്ട്, പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പോളി വർഗീസ് പറയുന്നു

മോഹൻവീണയിൽ പ്രാവീണ്യം നേടിയ അഞ്ച് പേർ മാത്രമേ ലോകത്തുള്ളൂ. ദക്ഷിണേന്ത്യയിലെ ഏക വ്യക്തി, അത് പോളി വർഗീസാണ്. 

Written by - ആതിര ഇന്ദിര സുധാകരൻ | Last Updated : Mar 16, 2022, 08:42 AM IST
  • നാല് വർഷത്തെ ഗവേഷണത്തിനൊടുവിൽ പോളി വർഗീസ് സ്വയം രൂപപ്പെടുത്തിയതാണ് പോളി സ്ട്രിങ് ഗിത്താർ.
  • 14 സ്ട്രിങുകൾ. വായിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്.
  • അമേരിക്കയിലെ മ്യൂസിക് കമ്പനി അത് ഏറ്റെടുത്തു.
  • അമേരിക്കയിലെ മിക്കവാറും റോക്ക് സ്റ്റാർ കലാകാരൻമാർ ഇപ്പോൾ ഈ ഇൻസ്ട്രുമെന്റ് ഉപയോഗിക്കുന്നുണ്ട്.
സ്വന്തം നാട്ടിൽ ഞാൻ അവഗണിക്കപ്പെട്ടു; ഇനിയില്ല ഇങ്ങോട്ട്, പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പോളി വർഗീസ് പറയുന്നു

മോഹൻവീണയിൽ അന്താരാഷ്ട്ര വേദികൾ കീഴടക്കിയ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പോളി വർഗീസ് സ്വന്തം നാട്ടിൽ തിരസ്കരിക്കപ്പെട്ടോ? തൃശൂർ ജില്ലയിലെ വലപ്പാട് ജനിച്ച് കേരള കലാമണ്ഡലത്തിൽ പഠിച്ച് മോഹനവീണ തേടി കേരളം വിട്ട കലാകാരൻ. 42 വർഷമായി സംഗീത ജീവിതം ആരംഭിച്ചിട്ട്. മൃദംഗ വായനയിൽ അഗ്രഗണ്യൻ. കഥകളിയും കൂടിയാട്ടവും തിമിലയും ചെണ്ടയും മിഴാവും എല്ലാം ഒപ്പംകൂട്ടി. ഹിന്ദുസ്ഥാനി, കർണാടക സംഗീതത്തിലൂടെയുള്ള യാത്ര പിന്നീട് സംഗീതത്തിന്റെ പലവഴികളിലേക്ക് എത്തിച്ചു. മോഹൻ വീണയെന്ന നമുക്ക് അത്ര പരിചയമില്ലാത്തൊരു മ്യൂസിക്കൽ ഇൻസ്ട്രുമെന്റുമായി ലോകം മുഴുവൻ ചുറ്റി. 50 രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. 30 വർഷമായി മോഹൻ വീണയ്ക്കൊപ്പമാണ് പോളിയുടെ യാത്ര.

'എന്നെ മോഹിപ്പിച്ച മോഹന വീണ'

ലോകപ്രശസ്ത മോഹൻവീണ വാദകനും ഗ്രാമി പുരസ്കാര ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിനെ ടിവി ഷോയിലൂടെയാണ് പോളി  ആദ്യമായി കാണുന്നത്. വിശ്വമോഹൻ ഭട്ടിനെതേടിയുള്ള അന്വേഷണമാണ് മോഹനവീണയുടെ മാന്ത്രിക തന്ത്രികളിലേക്ക് എത്തിച്ചത്. ഗുരുവിനെ തേടിയിറങ്ങിയ യാത്ര ആദ്യമെത്തിയത് ബംഗാളിലാണ്. ബംഗാളി സാഹിത്യവും സിനിമകളും രവീന്ദ്ര സംഗീതവും ഒക്കെ തന്നെ ബംഗാളിലേക്ക് വലിച്ചടുപ്പിച്ചു. ബാവുൾ സംഗീതത്തെ അടുത്തറിഞ്ഞത് അവിടെ വച്ചാണ്. ഗുരുവിന്റെ നിർദേശപ്രകാരം രാജസ്ഥാനിലേക്ക് വണ്ടി കയറി. മുഷിഞ്ഞുനാറിയ വസ്ത്രവുമായി പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ വീട്ടിലേക്കെത്തിയ പോളിവർഗീസ് അങ്ങനെ മോഹൻവീണയിലൂടെ പുനർജനിച്ചു. 

 

ലോകത്തെ അഞ്ചുപേരിലൊരാൾ

മോഹൻവീണയിൽ പ്രാവീണ്യം നേടിയ അഞ്ച് പേർ മാത്രമേ ലോകത്തുള്ളൂ. ദക്ഷിണേന്ത്യയിലെ ഏക വ്യക്തി, അത് പോളി വർഗീസാണ്. ഹിന്ദുസ്ഥാനി സംഗീതഞ്ജൻ വിശ്വമോഹൻ ഭട്ട് രൂപകൽപന ചെയ്തതാണ് മോഹൻവീണ. സരോദ്, സിത്താർ, സാരംഗി, സന്തൂർ, ഹവായിൻ ഗിത്താർ എന്നിവയുടെ സംയോജിത രൂപം. 20 തന്ത്രികളാണ് ആദ്യം ഉണ്ടായിരുന്നത്. പോളി വർഗീസ് അതിൽ രണ്ട് തന്ത്രികൾ കൂടി കൂട്ടിച്ചേർത്തു. നിക്കൽ സ്ട്രിങുകളാണ് മറ്റൊരു പ്രത്യേകത. നിരന്തര സാധനയിലൂടെ മാത്രമേ മോഹൻവീണയെ മനസിലാക്കാൻ സാധിക്കൂ. സ്വരസ്ഥാനങ്ങൾ മനസിലാണ്. അത്രമേൽ ആത്മസമർപ്പണം ഉള്ളയാൾക്ക് മാത്രമേ മോഹൻവീണ വഴങ്ങിക്കൊടുക്കൂ.

പോളി സ്ട്രിങ് ഗിത്താർ
 
നാല് വർഷത്തെ ഗവേഷണത്തിനൊടുവിൽ പോളി വർഗീസ് സ്വയം രൂപപ്പെടുത്തിയതാണ് പോളി സ്ട്രിങ് ഗിത്താർ. 14 സ്ട്രിങുകൾ. വായിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. അമേരിക്കയിലെ മ്യൂസിക് കമ്പനി അത് ഏറ്റെടുത്തു. അമേരിക്കയിലെ മിക്കവാറും റോക്ക് സ്റ്റാർ കലാകാരൻമാർ ഇപ്പോൾ ഈ ഇൻസ്ട്രുമെന്റ് ഉപയോഗിക്കുന്നുണ്ട്. 

സ്വന്തം നാട്ടിൽ ആരും അംഗീകരിച്ചില്ല

രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് മോഹൻ വീണയുമായി പറക്കുകയായിരുന്നു പോളി വർഗീസ്. 50 ഓളം രാജ്യങ്ങൾ താണ്ടി. നിരവധി പുരസ്കാരങ്ങൾ തേടിയെത്തി. നോർത്ത് ഇന്ത്യ മുഴുവൻ പോളിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. പ്രധാനപ്പെട്ട വേദികളിലെല്ലാം എത്തി. പക്ഷേ സ്വന്തം നാട് മാത്രം പോളിയെ അവഗണിച്ചു. കേരളത്തിൽ എത്തിയത് വെറും അഞ്ച് വേദികളിൽ മാത്രം. മലയാളികളാൽ തിരിച്ചറിയപ്പെടാതെ ആ മനുഷ്യൻ അന്താരാഷ്ട്ര വേദികൾ കീഴടക്കിക്കൊണ്ടേയിരുന്നു. കേരളം വിളിക്കാത്തിന് കാരണം തന്റെ രാഷ്ട്രീയം ആകാം എന്നാണ് പോളി ചിന്തിക്കുന്നത്. വ്യക്തമായി നിലപാടുകൾക്കൊപ്പം നിലകൊണ്ട ആളാണ് പോളി. 

എന്തിനും ഏതിനും പോപ്പുലാരിറ്റി മാനദണ്ഡമാക്കുന്ന വ്യവസ്ഥിതിയാകാം തനിക്ക് മലയാള നാട് അന്യമാക്കിയതെന്ന് പോളി വിശ്വസിക്കുന്നു. അർഹതപ്പെട്ട അംഗീകാരം ലഭിക്കാത്തതിൽ വിഷമം തോന്നിയിരുന്നു. സിനിമ എന്ന മായിക ലോകത്ത് നിന്ന് മാറിനടന്നതാകാം സർക്കാർ പോലും അവഗണിക്കാൻ കാരണമെന്ന് കരുതുന്നു. സിനിമയിൽ സംഗീതം ചെയ്യുന്നവ‌ർക്കും പാടുന്നവർക്കുമൊക്കെ വലിയ പ്രശസ്തിയും താരപരിവേഷവും നൽകുന്നവരാണ് മലയാളികൾ. നാടകത്തിനും സിനിമയ്ക്കും സംഗീതം നൽകിയിട്ടുള്ള അദ്ദേഹം, ദേവരാജൻ മാസ്റ്ററുടെ പ്രിയ ശിഷ്യനുമാണ്. പോളി സംഗീത സംവിധാനം നിർവഹിച്ച 'കൂട്ടിലേക്ക് ' എന്ന സിനിമയിലെ സംഗീതത്തിന്, 2005 ലെ 'ജീവൻ അറ്റ്ലസ്' അവാർഡ് ലഭിച്ചിട്ടുണ്ട്. പക്ഷേ തുടർന്ന് സിനിമയിൽ നിൽക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. 

സംഘപരിവാർ ഭീഷണി, രാജ്യം വിടുന്നു

കലാകാരൻമാർക്ക് സ്വതന്ത്രമായി വളരാ‌ൻ പറ്റിയ ഇടമല്ല ഇന്ത്യയെന്നാണ് പോളി പറയുന്നത്. സംഘപരിവാറിന്റെ വധഭീഷണിയുണ്ട്. രാജ്യം വിടാൻ ഒരുങ്ങുകയാണ് പോളി. ഇന്ത്യൻ പൗരത്വം ഇനി വേണ്ടെന്നാണ് പോളിയുടെ നിലപാട്. 

ആദിവാസി സംഗീതവുമായുള്ള പരീക്ഷണം

ആമസോൺ, ക്യൂബൻ കലാകാരൻമാർ, ചൈനീസ് ഒപേറെ കലാകാരൻമാരോടൊക്കെ സഹകരിച്ച് നിരവധി പരിപാടികൾ ചെയ്തു. വയനാട്ടിലെ ആദിവാസി സംഗീതത്തിലാണ് അടുത്ത പരീക്ഷണം. ആദിവാസി സംഗീതോപകരണമായ തുടിയും മോഹനവീണയും ചേർത്തൊരു പരീക്ഷണത്തിന് തുടക്കമിടുകയാണ് പോളി വർഗീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News