തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതികള്‍ നേരിടാന്‍ അഗ്നിശമന സേനാ വിഭാഗം സജ്ജമെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ. അപകട മേഖലകളിലെ നിരീക്ഷണത്തിനായി ഡ്രോൺ ഉപയോഗിക്കും. മേഘവിസ്ഫോടനത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണെന്നാണ് ഇത്തവണ കാലാവസ്ഥാ പ്രവചനം വന്നിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഫയർ ആന്റ് റെസ്ക്യൂ സർവീസസ് ഇത്തവണ വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി സ്കൂബാ ടീമിന്റെ ട്രെയിനിങ് നടന്നുവരികയാണെന്നും ഫയർഫോഴ്സ് മേധാവി ബി സന്ധ്യ വ്യക്തമാക്കി. മുന്നൂറിലധികം സ്കൂബാ ടീം, എണ്‍പതിലേറെ റബര്‍ ബോട്ടുകൾ എന്നിവയും ഫയർഫോഴ്സ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനൊപ്പം ഇത്തവണ ആദ്യമായി ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തുന്നുണ്ട്.
ഫയർഫോഴ്സ് ജീവനക്കാർക്കൊപ്പം തന്നെ 15,000ത്തോളം പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് അംഗങ്ങളെയും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകും. മഴക്കാലം എത്തിയതോടെ മുങ്ങിമരണങ്ങളും വര്‍ധിച്ചിട്ടുണ്ട്. വെള്ളക്കെട്ടുകളിലും നദികളിലും ഇറങ്ങരുതെന്ന് ഫയർഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകി.
ALSO READ: Kerala rain: എറണാകുളത്ത് ശക്തമായ മഴ; നഗരത്തിൽ വെള്ളക്കെട്ട്
അതേസമയം, സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത കൂടുതൽ. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലിലേയും ബംഗാൾ ഉൾക്കടലിലേയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴയ്ക്ക് കാരണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...