തൃശ്ശൂർ: പൂവിൽപ്പനക്കാരായ ദമ്പതികളോട് ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതായി പരാതി. ഗുരുവായൂർ ഇരിങ്ങപ്പുറം കോറോട്ട് വീട്ടിൽ ഷനീഷ് ധന്യ എന്നീ ദമ്പതികളോടാണ് കഴിഞ്ഞദിവസം സെക്യൂരിറ്റിക്കാരൻ മോശമായി പെരുമാറിയത്. ഗുരുവായൂർ വടക്കേനടയിൽ വൈശാഖം ഇന്റർനാഷണൽ ഹോട്ടലിന് സമീപം പൂകച്ചവടം നടത്തിയാണ് ഇവർ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്.
8 മാസം ഗർഭിണിയായ ധന്യയും ഹൃദയസംബന്ധമായ രോഗങ്ങളാൽ ചികിത്സയിൽ കഴിയുന്ന ഷനീഷും സാമ്പത്തി പ്രതിസന്ധി മൂലം ഏറെ പ്രയാസപ്പെട്ടാണ് ജീവിക്കുന്നത്. ഇവർ കുന്നംകുളത്ത് വാടകയ്ക്കാണ് കഴിയുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തയായ മഴയിൽ കച്ചവടം നടത്താൻ കഴിയാതെ വന്നപ്പോൾ തെക്കേനടയിൽ ഇരുവരും പൂ വിൽപ്പനയ്ക്കായി എത്തിയതായിരുന്നു.
പൂ വിൽക്കുന്ന സമയം അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഇവരോട് കച്ചവടം നിർത്തി പോകാൻ പറയുകയായിരുന്നു. എന്നാൽ ഇതേ സമയം മറ്റ് പൂ വിൽപനക്കാരും അവിടെ കച്ചവടം നടത്തുന്നുണ്ടായിരുന്നു. അതൊന്നും ഗൗനിക്കാതെ സെക്യൂരിറ്റി ജീവനക്കാരൻ വളരെ മോശമായി പെരുമാറുകയായിരുന്നു. ഇതേ തുടർന്ന് ഇവർ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി.
വിൽപ്പന നടത്താൻ സ്ഥലത്ത് നിയന്ത്രണം ഉണ്ടെങ്കിൽ ഞങ്ങൾ അതിന് ബാധ്യസ്ഥരാണെന്നും എന്നാൽ കച്ചവടം ചെയ്യുന്നുണ്ടെങ്കിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നും ദമ്പതികൾ പറഞ്ഞു. പലതവണയായി ഇത്തരത്തിലുള്ള അവഗണന തങ്ങൾ നേരിട്ടുണ്ടെന്നും ഗുരുവായൂർ നടയിൽ വിൽപ്പന നടത്തി തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...