കൊച്ചി: മഠത്തിനുള്ളിൽ നിന്ന് തന്നെ നീതിക്കായി പോരാടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര (Sister Lucy Kalappura). യാതൊരു കാരണവശാലും മഠത്തിൽ നിന്ന് ഇറങ്ങില്ല. പൊലീസ് സുരക്ഷ (Police Protection) നൽകിയാലും ഇല്ലെങ്കിലും നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.
ദേശീയ വനിതാ കമ്മീഷൻ ഇടപെട്ട വിഷയമാണ്. താൻ എവിടെ താമസിച്ചാലും സുരക്ഷ നൽകണമെന്നാണ് ഉത്തരവ്. സഭയിലെ ലൈംഗിക വീരൻമാരായ വൈദികരെ സംരക്ഷിക്കുന്ന സഭാ നേതൃത്വം പീഡനത്തിന് ഇരയാകുന്ന കന്യാസ്ത്രീകളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് സിസ്റ്റർ ലൂസി കളപ്പുര ആരോപിച്ചു. സിവിൽ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ കൊവിഡ് കാലമായതിനാൽ ഹിയറിങ് നടക്കുന്നില്ല. ഹർജിയിൽ തീരുമാനം ആകുന്നത് വരെ മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി. ഹൈക്കോടതിയിൽ (High Court) സ്വയം കേസ് വാദിച്ച ശേഷം സിസ്റ്റർ ലൂസി കളപ്പുര മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ALSO READ: സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ വത്തിക്കാൻ തള്ളി: പുറത്താക്കൽ നടപടിയിൽ പുന പരിശോധനയില്ല
ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അപൂർവ സംഭവത്തിനാണ് ഇന്ന് ഹൈക്കോടതി സാക്ഷ്യം വഹിച്ചത്. ശിരോ വസ്ത്രമണിഞ്ഞ് കോടതിയിൽ സ്വന്തം ഭാഗം വാദിച്ച ആദ്യ കന്യാസ്ത്രീയായി ലൂസി കളപ്പുര. അഭിഭാഷകരായ രണ്ട് കന്യാസ്ത്രീകൾ ഇതിന് മുൻപ് കോടതിയിൽ ഹാജരായിട്ടുണ്ട്. കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് അവസാന നിമിഷം സിസ്റ്റർ ലൂസി കളപ്പുര സ്വയം വക്കാലത്ത് ഏറ്റെടുത്തത്. സാമ്പത്തിക പരിമിതികളും സ്വയം വാദിക്കുന്നതിന് കാരണമായെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. വത്തിക്കാനിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തങ്ങാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഠത്തിൽ താമസിക്കുമ്പോൾ സുരക്ഷ നൽകാനാകില്ല. മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സ്വത്തിനും ജീവനും സുരക്ഷ നൽകാൻ പൊലീസിന് (Police) നിർദേശം നൽകാൻ കോടതി പറഞ്ഞു.
മഠത്തിൽ നിന്ന് പുറത്താക്കിയ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ രണ്ട് അപ്പീലുകളും വത്തിക്കാൻ തള്ളിയതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സഭാ ചട്ടങ്ങൾ അനുസരിച്ച് മൂന്നാമതും അപ്പീൽ ചെയ്യാനും വ്യവസ്ഥയുണ്ട്. ഇതിനുള്ള അവസരം നൽകണമെന്ന് സിസ്റ്റർ ലൂസി കളപ്പുര വാദിച്ചു. കാൽനൂറ്റാണ്ടിലധികമായി ന്യാസിനിയായി തുടരുന്ന തന്നെ സേവനം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര വാദിച്ചു. പോകാൻ മറ്റിടമില്ലെന്നും പൊലീസ് സുരക്ഷ ഇല്ലെങ്കിലും നീതിക്കായി പോരാട്ടം തുടരുമെന്നും ലൂസി കളപ്പുര വ്യക്തമാക്കി. മഠം വിട്ട് പുറത്ത് പോകാറില്ലെന്ന സിസ്റ്റർ ലൂസിയുടെ വാദത്തെ സഭയുടെ അഭിഭാഷകൻ എതിർത്തു. നിരവധി തവണ ലൂസി മഠം വിട്ട് പുറത്ത് പോകുകയും പലയിടങ്ങളിലും യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വയനാട് കാരയ്ക്കാമലയിലെ മഠത്തിൽ നിന്നും കൊച്ചിയിൽ എത്തിയാണ് കേസ് നടത്തുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA