കേരളത്തിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങി വന്ദേഭാരത് ട്രെയിനുകൾ. കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കുമെന്നാണ് വിവരം. മെയ് മാസം പകുതിയോടെ വന്ദേഭാരത് ട്രെയിനിൻറെ ട്രയൽ റൺ നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സജ്ജീകരണങ്ങൾ തിരുവനന്തപുരം കൊച്ചുവേളിയിൽ പൂർത്തിയായി കഴിഞ്ഞു.
ചെന്നൈ - കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ മാതൃകയാണ് കേരളത്തിലും കൊണ്ടുവരുന്നത്. 8 കാർ (കോച്ച്) വന്ദേഭാരത് ട്രെയിനാണ് ആദ്യ ഘട്ടത്തിൽ കേരളത്തിലും സർവീസ് നടത്തുക. പിന്നീട് യാത്രക്കാരുടെ എണ്ണം പരിഗണിച്ച് കോച്ചുകളുടെ എണ്ണം വർധിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു റൂട്ടിലാണ് ആദ്യം സർവീസ് നിശ്ചയിച്ചിരുന്നത്. നിലവിൽ കണ്ണൂർ വരെ സർവീസ് നടത്താനാണ് സാധ്യത. ഇക്കാര്യത്തിൽ വൈകാതെ തന്നെ അന്തിമ തീരുമാനം ഉണ്ടായേക്കും.
ALSO READ: തൃശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; മൂന്ന് മരണം
ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുക. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോ മീറ്റർ എന്നിങ്ങനെയാണ് വേഗത അനുവദിച്ചിരിക്കുന്നത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് പെട്ടെന്ന് വേഗം കൈവരിക്കാൻ സാധിക്കും എന്നതാണ് വന്ദേഭാരത് ട്രെയിനുകളുടെ സവിശേഷത. കേരളത്തിലെ റൂട്ടുകളിൽ ശരാശരി വേഗത 65 കിലോ മീറ്ററിന് മുകളിൽ നിലനിർത്താൻ വന്ദേഭാരതിന് കഴിയും. കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നത് വേഗം കുറക്കുമെന്നതിനാൽ പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും വന്ദേഭാരതിൻറെ സ്റ്റോപ്പ്.
തദ്ദേശീയമായി നിർമ്മിക്കുന്ന ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസ്. രാജ്യതലസ്ഥാനത്താണ് ആദ്യമായി വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തിയത്. ദക്ഷിണേന്ത്യയിൽ ചെന്നൈ-മൈസൂരു റൂട്ടിലാണ് ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഓടിയത്. പരമാവധി 160 കിലോ മീറ്റർ വേഗതയിൽ കുതിക്കാൻ കഴിയുമെന്നതാണ് ഇവയുടെ സവിശേഷത. ഈ വർഷം 75 വന്ദേഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് കേന്ദ്രത്തിൻറെ ശ്രമം. രണ്ട് സംസ്ഥാനങ്ങളെ കൂട്ടി യോജിപ്പിച്ചു കൊണ്ടാണ് വന്ദേഭാരത് സർവീസ് നടത്തുക. ഇതോടെ വിവിധ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാൻ മണിക്കൂറുകളുടെ മാത്രം ദൈർഘ്യം മതിയാകും. ഐ.സി.എഫ്, കപുർത്തല കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മേഡോൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലെല്ലാം വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...