ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം; ഭോപ്പാൽ വിഷവാതക ദുരന്തത്തിന് 38 വയസ്

42 ടൺ മീഥൈൽ ഐസോസൈനേറ്റ് അടങ്ങിയ ടാങ്ക് നമ്പർ 610ൽ വെള്ളം കയറിയപ്പോഴാണ് ചോർച്ചയുണ്ടായത്

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 03:45 PM IST
  • ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം
  • വിഷവാതകം ശ്വസിച്ച് പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകൾ
  • പ്ലാന്റിൽ നിന്ന് ഏതാണ്ട് 40 ടൺ അപകടകരമായ വാതകമാണ് ചോർന്നത്
ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം; ഭോപ്പാൽ വിഷവാതക ദുരന്തത്തിന് 38 വയസ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഭോപ്പാൽ വിഷവാതക ദുരന്തം . 1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളാണ് . അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിർമാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിനിടെ മീഥൈൽ എസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി .  തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടാവുകയായിരുന്നു . യൂണിയൻ കാർബൈഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കീടനാശിനി പ്ലാന്റിൽ നിന്ന് ഏതാണ്ട് 40 ടൺ അപകടകരമായ വാതകമാണ് ചോർന്നത് . ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ പ്ലാന്റ് നമ്പർ സിയിലായിരുന്നു സംഭവം. 

റിപ്പോർട്ട് പ്രകാരം 42 ടൺ മീഥൈൽ ഐസോസൈനേറ്റ് അടങ്ങിയ ടാങ്ക് നമ്പർ 610ൽ വെള്ളം കയറിയപ്പോഴാണ് ചോർച്ചയുണ്ടായത്. അന്തരീക്ഷത്തിലേക്ക് ഉയരുന്ന വിഷാംശമുള്ള വാതകം പുറന്തള്ളുന്ന ഒരു രാസപ്രവർത്തനം തന്നെ അവിടെ നടന്നു. വാതകമേഘത്തിൽ വിഷവാതമായ മീഥൈൽ ഐസോസൈനേറ്റിന് പുറമെ കാർബൺ മോണോക്‌സൈഡും, ഹൈഡ്രജൻ സയനൈഡും മറ്റ് വാതകങ്ങളും ഉൾപ്പെടും. ഇവയെല്ലാം തന്നെ മനുഷ്യർക്കും മൃഗങ്ങൾക്കും അങ്ങേയറ്റം വിഷമുള്ളതാണ്.മധ്യപ്രദേശ് സർക്കാരിന്റെ കണക്കുകൾ പ്രകാരം ഭോപ്പാലിലും പരിസര പ്രദേശത്തുമായി 3,787 പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. വിഷവാതക ചോർച്ചയിൽ 5 ലക്ഷത്തോളം പേർ മരിച്ചുവെന്നും റിപ്പോർട്ടുണ്ട് . 

വാതക ചോർച്ച ഭോപ്പാലിലെ ജനസംഖ്യയിൽ മായാത്ത മുദ്ര തന്നെ പതിപ്പിച്ചു കഴിഞ്ഞിരുന്നു. ചോർച്ചക്ക് ശേഷമുള്ള അടിയന്തര ഘട്ടത്തിൽ നഗരത്തിലെ പകുതിയിലധികം ജനങ്ങൾക്കും ചുമ, ചൊറിച്ചിൽ, കണ്ണുകളിലും, ചർമ്മത്തിലും, ശ്വസനത്തിനും മറ്റുമായി പ്രശ്‌നങ്ങൾ നേരിട്ടു. പലർക്കും അന്ധതയും അൾസറും ബാധിച്ചു. അക്കാലത്ത് ഭോപ്പാലിൽ അധികം ആശുപത്രികൾ ഉണ്ടായിരുന്നില്ല. രണ്ട് സർക്കാർ ആശുപത്രികൾക്കും നഗരത്തിലെ ജനസംഖ്യയുടെ പകുതിയോളം പേരെ ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ ഉണ്ടായ ആശയക്കുഴപ്പവും ആളുകളെ കുറേക്കൂടി ദുരിതത്തിലാക്കി. പുതിയതായി വരുന്ന ഓരോ രോഗികൾക്കും ഉണ്ടായിട്ടുള്ള അസുഖത്തിന്റെ കാരണമെന്തെന്നറിയാതെയായി . 

വാതകം ശ്വസിച്ചവരിൽ പലരും ശാരീരികവും മാനസികവുമായ വൈകല്യമുള്ള കുട്ടികൾക്ക് ജന്മം നൽകാൻ തുടങ്ങി. പ്രശ്‌നബാധിത പ്രദേശങ്ങളിൽ ജനിച്ച കുട്ടികൾക്കെല്ലാം കൈകളും കാലുകളും വളഞ്ഞിരിക്കുകയും, അധിക അവയവങ്ങളോ, ശരീരഭാഗങ്ങളോ ഉണ്ടാകുകയോ ഇല്ലാതാവുകയോ ഉള്ള അവസ്ഥകൾ ഉണ്ടായി. മസ്‌കുലോസ്‌കെലെറ്റൽ തകരാറുകൾ, മസ്തിഷ്‌കക്ഷതം, ഭാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവർ നേരിട്ടു. ചാപിള്ളകൾ ജനിക്കുന്നതും നവജാത ശിശുമരണനിരക്കും യഥാക്രമം 300 ശതമാനവും 200 ശതമാനവും വർധിച്ചു. ചില ആളുകൾക്ക് ഇന്നും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അടിമകളാണ് .38 വർഷത്തിനിപ്പുറവും ആ ദുരന്തത്തിന്റെ പ്രകമ്പനങ്ങൾ അവസാനിച്ചിട്ടില്ല. അർബുദ രോഗങ്ങളോട് മല്ലിടുന്നവർ, വൈകല്യം ബാധിച്ചവർ, അവയവങ്ങൾ പ്രവർത്തനരഹിതമായവർ അങ്ങനെ  ദുരന്തത്തിന്റെ വേട്ടയാടൽ ഇപ്പോഴും ഭോപ്പാലിനെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News