അരിക്കൊമ്പനും കുങ്കി ആനകളും വാർത്തകളിൽ നിറഞ്ഞതോടെ ആനകാഴ്ചകൾ തേടി ചിന്നക്കനാലിൽ സഞ്ചാരികളുടെ തിരക്ക്. കുങ്കി ആനത്താവളത്തിന് സമീപമാണ് എപ്പോഴും തിരക്ക് അനുഭവപ്പെടുന്നത്. അരിക്കൊമ്പനെ കാണാൻ സഞ്ചാരികൾ പുൽമേടുകൾക്ക് സമീപം നിൽക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അപകടം ഒഴിവാക്കാനായി സഞ്ചാരികൾക്ക് നിർദേശം നൽകുന്നതിനോ നിയന്ത്രിക്കുന്നതിനോ നടപടികൾ ഇല്ല എന്നതാണ് ആശങ്കയാകുന്നത്.
കുങ്കി ആനകളിൽ സ്റ്റാർ കോന്നി സുരേന്ദ്രനാണ്. കുഞ്ചുവിനും വിക്രമനും സൂര്യനും ആരാധകർ ഉണ്ട്. അനുസരണയോടെ ആനത്താവളത്തിൽ നിൽക്കുന്ന ഗജകേസരികളുടെ ചന്തം കാണാൻ നിരവധി സഞ്ചാരികളാണ് ചിന്നക്കനാലിൽ എത്തുന്നത്. വാർത്തകളിൽ താരമായ അരിക്കൊമ്പനെ ഒരു തവണ എങ്കിലും കാണാൻ ആഗ്രഹിച്ചാണ് സഞ്ചാരികൾ ചിന്നക്കനാലിൽ എത്തുന്നത്. കാട്ടാന കൂട്ടം പതിവായി എത്തുന്ന പുൽമേടുകൾക്ക് സമീപം മണിക്കൂറുകളോളം സഞ്ചാരികൾ കാത്തുനിൽക്കാറുണ്ട്.
ALSO READ: അനധികൃത സ്വത്ത് സമ്പാദനക്കേസ്; വി.എസ് ശിവകുമാറിന് ഇ.ഡി നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം
ഒറ്റയാന്മാരുടെ ആക്രമണ സ്വഭാവം മനസിലാക്കാതെയാണ് സഞ്ചാരികൾ ആനക്കൂട്ടത്തെ കാത്തുനിൽക്കുന്നത്. സഞ്ചാരികൾക്ക് നിർദേശം നൽകുന്നതിനോ നിയന്ത്രിക്കുന്നതിനോ നടപടികൾ ഇല്ലാത്തതിനാൽ കാട്ടാനയെ കണ്ട് പെട്ടെന്ന് വാഹനം ഓടിയ്ക്കുന്നതിനിടെ അപകടങ്ങൾക്കും സാധ്യത ഏറെയാണ്. അതേസമയം അരിക്കൊമ്പൻ ദൗത്യം വൈകുന്നതിൽ മേഖലയിൽ പ്രതിഷേധം ഉയരുന്നുണ്ട്. അനാവശ്യ കാരണങ്ങൾ മൂലം ദൗത്യം വൈകിപ്പിയ്ക്കാനാണ് വനം വകുപ്പ് ശ്രമിയ്ക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
അരിക്കൊമ്പനെ മയക്കു വെടിവെയ്ക്കാനുള്ള ദൗത്യം ഇനിയും വൈകാനാണ് സാധ്യത. ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി യോഗവും മോക്ക് ഡ്രില്ലും നടത്തിയ ശേഷം ഇന്ന് മയക്കുവെടി വെയ്ക്കാനായിരുന്നു വനം വകുപ്പിൻറെ നീക്കം. അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനം വകുപ്പിൻറെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് വനം വകുപ്പ് ശ്രമങ്ങൾ നടത്തുന്നത്.
കോളർ കൈമാറാൻ ആസ്സാം വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചിട്ടില്ല. ഈസ്റ്റർ അവധി ദിവസങ്ങളായതിനാലാണ് കാലതാമാസം ഉണ്ടാകുന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. ജിപിഎസ് കോളർ എത്തുന്നതിന് അനുസരിച്ച് മോക്ക് ഡ്രിൽ ഉൾപ്പെടെ നടത്താനുളള തീയതി നിശ്ചയിക്കാനാണ് വനം വകുപ്പിൻറെ തീരുമാനം. പറമ്പിക്കുളത്തേക്ക് കൊണ്ടു പോകുന്നത് തടയണമെന്ന ഹർജി കോടതി പരിഗണിച്ചാൽ അരിക്കൊമ്പനുള്ള മയക്കുവെടി വീണ്ടും നീളുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...