മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ സിപിഎം ബോംബ് ഉണ്ടാക്കുന്നെന്ന് വിഡി സതീശൻ; ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ സുധാകരൻ

കൊലക്കേസ് പ്രതിയായ ആര്‍.എസ്.എസുകാരന്‍ ഒളിവില്‍ കഴിഞ്ഞ സംഭവത്തിൽ സി.പി.എമ്മാണ് മറുപടി പറയേണ്ടതെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ 

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 04:24 PM IST
  • എല്ലാ ക്രിമിനല്‍ രാഷ്ട്രീയത്തിന് മുന്നിലും നിന്ന പഴയൊരു സി.പി.എം നേതാവിന്റെ മകളുടെ വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്
  • മുഖ്യമന്ത്രിയുടെ വീടിനടുത്താണ് ബോംബേറുണ്ടായത്
  • ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് സംസ്ഥാനത്തെ ക്രമസമാധാന നിലയെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ സിപിഎം ബോംബ് ഉണ്ടാക്കുന്നെന്ന് വിഡി സതീശൻ;  ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ വീടിന് തോട്ടടുത്ത് കൊലക്കേസ് പ്രതിയായ ആര്‍.എസ്.എസുകാരന്‍ ഒളിവില്‍ കഴിഞ്ഞ സംഭവത്തിൽ സി.പി.എമ്മാണ് മറുപടി പറയേണ്ടതെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഇതിന് പിന്നിലെ ഗൂഡാലോചന പൊലീസ് അന്വേഷിക്കണം.അതിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിയെ എന്തിന് താമസിപ്പിച്ചു എന്നതിന് സി.പി.എം മറുപടി നല്‍കണം.

എല്ലാ ക്രിമിനല്‍ രാഷ്ട്രീയത്തിന് മുന്നിലും നിന്ന പഴയൊരു സി.പി.എം നേതാവിന്റെ മകളുടെ വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. വീടിന് നേരെ ബോംബ് എറിഞ്ഞതും സി.പി.എമ്മുകാരാണ്. പിണറായി വിജയന്റെ വീടിനടുത്താണ് ബോംബേറുണ്ടായതെന്നും ഓര്‍ക്കണം. അതിനൊക്കെ കൃത്യമായ മറുപടി വേണമെന്നും കെ.സുധാകരൻ പറഞ്ഞു.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് സംസ്ഥാനത്തെ ക്രമസമാധാന നിലയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 
വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു. ഗുണ്ടകളും മയക്കുമരുന്ന് സംഘങ്ങളും അഴിഞ്ഞാടുകയാണ്. എല്ലായിടത്തും സി.പി.എം നേതൃത്വമാണ് ഇതിനൊക്കെ പിന്തുണ നല്‍കുന്നത്. 

മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്ത് ബോംബ് എറിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ പോലും സിപിഎം ബോംബ് ഉണ്ടാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രി കേരളത്തിലെ ക്രമസമാധാനം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം നാട്ടിലെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോംബ് ഉണ്ടാക്കുമ്പോഴാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്ത് നടക്കുന്ന ബോംബ് നിര്‍മ്മാണം പോലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. വര്‍ഗീയ കക്ഷികളെയെല്ലാം സി.പി.എം പ്രീണിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും ബന്ധമുണ്ടാക്കി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കര്‍ശന നടപടികളാണ് വര്‍ഗീയ ശക്തികള്‍ക്കെതിരെ സ്വീകരിക്കേണ്ടത്. 

എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് അവിഹിതമായ ധാരണകള്‍ ഉണ്ടാക്കിയതിനാല്‍ ഈ വര്‍ഗീയ ശക്തിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്കോ സി.പി.എം നേതൃത്വത്തിനോ കഴിയുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി വന്നതിന് ശേഷം പൊലീസില്‍ വരുത്തിയിരിക്കുന്ന മാറ്റം എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും പ്രതിപക്ഷ നേതവ് ചോദിച്ചു. പ്രധാനപ്പെട്ട കേസ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മാറ്റിയതിന് പിന്നിലെ വിവരങ്ങള്‍ പുറത്തു വരാനുണ്ട്. 

പുതിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ചുമതല ഏറ്റെടുത്ത ഉടനെ യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാനുള്ള ശ്രമവുമായി വന്നു. എന്തായാലും അത് അവസാനിച്ചത് യു.ഡി.എഫ് സുശക്തമാണ് എന്ന തീരുമാനത്തിലാണ്. ഇപ്പോള്‍ എല്‍.ഡി.എഫിലാണ് കുഴപ്പം. ഒന്നിലും ധാരണയില്ല. യു.ഡി.എഫ് കക്ഷികളുടെ പിന്നാലെ നടന്ന് നാണം കെട്ട് എല്‍.ഡി.എഫ് കണ്‍വീനറും കൂട്ടരും തിരിച്ചു പോയിരിക്കുകയാണ്. യു.ഡി.എപിന്റെ അടിത്തറ കൂടുതല്‍ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News