വിഴിഞ്ഞം തുറമുഖത്ത് സമരത്തിനിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് കേസെടുത്തു. വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാൽ അറിയാവുന്നവരെ പ്രതികളാക്കി ആകെ പത്ത് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ, നവംബർ 26 നാണ് വിഴിഞ്ഞത്ത് സംഘർഷാവസ്ഥ ഉണ്ടായത്. സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ.യൂജിൻ പെരേര, മറ്റ് വൈദികർ എന്നിവരെയടക്കം പ്രതി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുറമുഖ അനുകൂല സമിതി പ്രവർത്തകന്‍റെ തല അടിച്ച് പൊട്ടിച്ചതിനും കേസെടുത്തിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ സമര സമിതിക്കെതിരെ 9 കേസുകളും തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നാണ് ഫാദർ യൂജിൻ പെരേര പറയുന്നത്. സംഘം ചേർന്നതിനും സമരക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം മുതലപ്പൊഴിയിൽ സുരക്ഷ ഏർപ്പെടുത്തി. കൂടാതെ പ്രദേശത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിക്കുമെന്ന അറിയിപ്പ് ഉണ്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയത്. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ പ്രദേശത്ത് വൻ സംഘർഷമാണ് ഉണ്ടായത്. തുടർന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. പദ്ധതി പ്രദേശത്ത് നിർമ്മാണ സാധനങ്ങളുമായി വാഹനങ്ങൾ എത്തിയതോടുകൂടിയായിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്. സമരത്തെ എതിർക്കുന്ന ലത്തീൻ രൂപത വിഭാഗക്കാർ വാഹനങ്ങളെ തടഞ്ഞുകൊണ്ട് റോഡിൽ കുത്തിയിരുന്നു. ഈ സമയം പദ്ധതി അനുകൂലികൾ സ്ഥലത്ത് എത്തിയതോടുകൂടി സ്ഥിതിഗതികൾ വഷളാകുകയായിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...