തമിഴ് നടൻ വിജയ്ക്ക് പിന്നാലെ സിനിമയിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി തെന്നിന്ത്യൻ നടി സാമന്ത. ഒരു വർഷത്തേക്ക് സിനിമയിൽ നിന്ന് മാറി നിൽക്കാൻ സാമന്ത തീരുമാനിച്ചതായാണ് റിപ്പോർട്ട്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുന്നത്.
ഖുശി, സിറ്റാഡൽ എന്നീ പ്രൊജക്ടുകൾ പൂർത്തിയാക്കിയ ശേഷമാകും സാമന്ത ഇടവേളയെടുക്കുക. ഇപ്പോൾ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഖുശി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം. അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകും. ഖുശി സെപ്റ്റംബർ 1ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ശിവ നിർവാണയാണ് സംവിധായകൻ. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
വരുൺ ധവാനൊപ്പമുള്ള സിറ്റാഡൽ എന്ന വെബ് സീരീസിന്റെ ചിത്രീകരണവും സാമന്ത ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. സീരീസ് ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം. ജോലിയിൽ നിന്ന് ഇടവേള എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ താരം പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുത്തിട്ടില്ല. വിവിധ പ്രോജക്ടുകൾക്കായി മുൻകൂരായി ലഭിച്ച പണവും സാമന്ത തിരികെ നൽകിയതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
Also Read: Movie Updates: ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്റണിയും ഒന്നിക്കുന്നു; അപ്ഡേറ്റുകൾ ഉടനെത്തും
തനിക്ക് മയോസൈറ്റിസ് എന്ന രോഗം ബാധിച്ച വിവരം താരം നേരത്തെ അറിയിച്ചിരുന്നു. 2022ലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പേശികളെ ബാധിക്കുന്ന രോഗമാണിത്. ഈ അസുഖം വന്നുകഴിഞ്ഞാൽ എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടും. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം മയോസൈറ്റിസ് ബാധിക്കും. തുടർചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുന്നതെന്നാണ് വിവരം.
മയോസൈറ്റിസിനുള്ള ചികിത്സയ്ക്കിടയിൽ യശോദ, ശാകുന്തളം എന്നീ രണ്ട് ചിത്രങ്ങൾ സാമന്ത അഭിനയിച്ചിരുന്നു. യശോദ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഉണ്ണി മുകുന്ദനും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതേസമയം ശാകുന്തളം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. മലയാളി നടൻ ദേവ് മോഹൻ ആയിരുന്നു ശാകുന്തളത്തിൽ നായകൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...