'ആടുജീവിതം' എന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരണവുമായി സംവിധായകൻ ബ്ലെസി. ഓണ്‍ലൈനില്‍ ചോര്‍ന്നത് ചിത്രത്തിന്റെ ട്രെയിലർ അല്ലെന്ന് സംവിധായകൻ വ്യക്തമാക്കി. വേൾഡ് റിലീസിന് മുന്നോടിയായി ചിത്രത്തിലെ ചില ദൃശ്യങ്ങൾ ഇന്റലർനാഷണൽ ഏജന്റ്സിന് അയച്ചു നൽകിയിരുന്നു. ഗ്രേഡിങ് അടക്കം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനുളള ചില ദൃശ്യങ്ങളാണ് ചോർന്നതെന്നും ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും ബ്ലെസി പറയുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ബ്ലെസി ഇക്കാര്യം വ്യക്തമാക്കിയത്.
ബെന്യാമിന്റെ പ്രശസ്തമായ നോവൽ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ നജീബ് എന്ന പ്രവാസിയെ പൃഥ്വിരാജ് ആണ് അവതരിപ്പിക്കുന്നത്. അമലാ പോളാണ് നജീബിന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ എഴുത്തുകാരൻ ബെന്യാമിന്റെ നോവലായ ആടുജീവിതം അതേ പേരിൽ തന്നെയാണ് ബ്ലെസി പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമയായി ഒരുക്കിയിരിക്കുന്നത്.
നീണ്ട നാല് വർഷമെടുത്താണ് ആടുജീവിതത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രം ഈ വർഷം ഒക്ടോബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. അതേസമയം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചതിന് ശേഷം മാത്രമേ ആടുജീവിതം തിയേറ്ററുകളിൽ റിലീസാകൂവെന്ന് നടൻ പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു.
റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക. എ. ആർ. റഹ്മാൻ ആണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്. കോവിഡ് സാഹചര്യങ്ങൾ ആടുജീവിതത്തിന്റെ ചിത്രീകരണത്തെ ബാധിച്ചിരുന്നു. 2021 ജൂണിലായിരുന്നു ചിത്രത്തിന്റെ ആഫ്രിക്കയിലെ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷം രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...