ഹോംബാലെ ഫിലിംസിന് പിന്നാലെ കന്നഡ നടനും നിർമ്മാതാവും രാഷ്ട്രീയ നേതാവും കൂടിയായ ബിസി പാട്ടീൽ മലയാള സിനിമയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കർണാടക മുൻ കൃഷി മന്ത്രി ബി സി പാട്ടീൽ വീണ്ടും സിനിമയിലേക്ക് എത്തുകയാണ്. നിലവിൽ രണ്ട് കന്നഡ പ്രൊജക്ടുകളും ഒരു മലയാളം ചിത്രവുമാണ് ബിസി പാട്ടീൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ നായകനായ മലയാള ചിത്രം കാട് എന്ന ചിത്രത്തിലൂടെയാണ് പാട്ടീലിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.
കൗരവ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിലാണ് കാട് എന്ന മലയാളം ചിത്രം നിർമ്മിക്കുന്നത്. ഡാർലിംഗ് കൃഷ്ണയെ നായകനാക്കി ശശാങ്ക് സംവിധാനം ചെയ്യുന്ന കൗസല്യ സുപ്രജ രാമ, കന്നഡ ചലച്ചിത്ര വ്യവസായത്തിലെ നാഴികക്കല്ലായ മുംഗരു മേലെ (2006) സംവിധാനം ചെയ്ത യോഗരാജ് ഭട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗരാഡി എന്നിവയാണ് അദ്ദേഹത്തിന്റെ കന്നഡ ചിത്രങ്ങൾ. സൃഷ്ടി ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന 16ാമത്തെ ചിത്രവും പുതിയ ബാനറായ കൗരവ പ്രൊഡക്ഷൻ ഹൗസിന്റെ ആദ്യ ചിത്രവുമാണ് ഗരാഡി എന്ന് ബി സി പാട്ടീലിന്റെ മകളും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ സൃഷ്ടി പാട്ടീൽ പറഞ്ഞു.
Also Read: Valatty: തിയേറ്ററുകൾ കീഴടക്കാൻ അവർ വരുന്നു; 'വാലാട്ടി' റിലീസ് പ്രഖ്യാപിച്ചു, ട്രെയിലർ
“വരും ദിവസങ്ങളിൽ ഉയർന്ന നിലവാരമുള്ള സിനിമകളും ചലച്ചിത്രനിർമ്മാണ നിലവാരവും ഉള്ള സിനിമകൾ ബാങ്ക്റോൾ ചെയ്യുന്നതിലൂടെ ഇന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളിലൊന്നായി അംഗീകരിക്കപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൗസല്യ സുപ്രജ രാമ , ഗരാഡി എന്നിവയ്ക്ക് പുറമേ , ഫഹദ് ഫാസിലിന്റെ വരാനിരിക്കുന്ന കാടു എന്ന ചിത്രത്തിലും ഞങ്ങൾ സഹനിർമ്മാതാവാണ്, ”സൃഷ്ടി കൂട്ടിച്ചേർത്തു.
2020 ഫെബ്രുവരി 7 മുതൽ 2023 മേയ് 13 വരെ കർണാടക മുൻ കൃഷി സഹമന്ത്രിയായിരുന്നു ബി സി പാട്ടീൽ. മുഴുവൻ സമയ അഭിനയത്തിലേക്കും സിനിമകളുടെ നിർമ്മാണത്തിലേക്കും കടക്കുന്നതിന് മുമ്പ് ബി സി പാട്ടീൽ കർണാടകയിൽ പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്നു. വിഷ്ണുവർധൻ ചിത്രം നിഷ്കർഷയിലൂടെയാണ് ബി സി പാട്ടീൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പ്രേമാചാരി, കൗരവ, ശിവപ്പ നായക, ജോഗുല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിഷ്കർഷയിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ഇതുവരെ 25ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പാട്ടീലിന്റെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ചിത്രമായ കൗരവ (1998) നായക നടനെന്ന നിലയിൽ അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തു. അതിനാലാണ് അദ്ദേഹത്തിന്റെ ബാനറിന് കൗരവ പ്രൊഡക്ഷൻ ഹൗസ് എന്ന് പേരിട്ടത്. ഹിരേകെരൂർ നിയമസഭയിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ ബിസി പാട്ടീൽ, 2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 15,020 വോട്ടുകൾക്ക് കോൺഗ്രസ് പാർട്ടിയുടെ ബസവനപ്പ ഉജനേശ്വറിനോട് പരാജയപ്പെട്ടു. കോൺഗ്രസ്-ജെഡി(എസ്) സഖ്യസർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ 17 എംഎൽഎമാരിൽ ഒരാളാണ് അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...