വമ്പൻ സിനിമകളുടെ റെക്കോർഡുകളെല്ലാം ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് കെജിഎഫ് ചാപ്റ്റർ 2. ഏപ്രിൽ 14ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ അത്ഭുതമായിരുന്നു. യഷ് എന്ന നടനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം 17 ദിവസത്തിനുള്ളിൽ ആഗോള തലത്തിൽ 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്.
1000 കോടി ക്ലബിൽ എത്തുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ നാലാമതാണ് കെജിഎഫ് 2 എന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. ആര്‍ആര്‍ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് കെജിഎഫ് 2 ഈ പട്ടികയിലേക്ക് എത്തുന്നത്. രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ആണ് കെജിഎഫി 2ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ 1000 കോടി കളക്ഷൻ നേടിയത്. റിപ്പോർട്ടുകൾ പ്രകാരം 1115 കോടിയാണ് ആർആർആർ ഇതുവരെ നേടിയത്.
ആദ്യ ഭാഗമായ കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് യഷ്. കേരളത്തിൽ നിന്നടക്കം നിരവധി ആരാധകർ യഷിനുണ്ട്. അടുത്തിടെ മലയാള സിനിമ മാർക്കറ്റിൽ കെജിഎഫ് 2 ചരിത്രം കുറിച്ചിരുന്നു. കേരളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി സ്വന്തമാക്കുന്ന സിനിമ എന്ന റെക്കോർഡാണ് ചിത്രം നേടിയെടുത്തത്. 2019ൽ ഇറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ റെക്കോർഡും തകർത്താണ് കെജിഎഫ് 2 കേരളത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്.
#KGFChapter2 has crossed ₹ 1,000 Crs Gross Mark at the WW Box Office..
Only the 4th Indian Movie to do so after #Dangal , #Baahubali2 and #RRRMovie
— Ramesh Bala (@rameshlaus) April 30, 2022
Also Read: KGF 2: അന്താരാഷ്ട്രതലത്തിൽ റെക്കോർഡുകൾ തകർത്ത് കെജിഎഫ് 2
50 കോടിക്ക് പുറമെ ഏറ്റവും വേഗത്തിൽ 20, 30, 40 കോടികൾ സ്വന്തമാക്കിയെന്ന റെക്കോർഡും കെജിഎഫ് 2ന് തന്നെയായിരുന്നു. ലൂസിഫറിന് മുമ്പ് ബാഹുബലി 2, അതിന് മുമ്പ് 2016ൽ മോഹൻലാൽ ചിത്രം പുലിമുരുകൻ എന്നിങ്ങിനെയാണ് കേരളത്തിൽ 50 കോടി വേഗത്തിൽ സ്വന്തമാക്കിയ സിനിമകളുടെ പട്ടിക.
തിയേറ്ററുകളിൽ വൻ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന കെജിഎഫ് ചാപ്റ്റർ 2ന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. കന്നട, മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളുടെ ഒടിടി അവകാശമാണ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ഒടിടി റിലീസ് എപ്പോഴാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...