Mammootty on Nedumudi Venu: വിട പറയാനാകില്ല, വേണു എന്നും എന്റെ മനസ്സിൽ ഉണ്ടാവും, പ്രിയ സുഹൃത്തിന്‍റെ ഓർമയിൽ ​മമ്മൂട്ടി

ഇന്നലെ രാത്രി നെടുമുടി വേണുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി മമ്മൂട്ടി ആദരാജ്ഞലി അർപ്പിച്ചിരുന്നു​. മമ്മൂട്ടി നായകനായെത്തുന്ന 'പുഴു'വും ഭീഷ്മപർവ്വവുമാണ്​ നെടുമുടി വേണുവിന്‍റെ അവസാന ചിത്രങ്ങൾ​. 

Written by - Zee Malayalam News Desk | Last Updated : Oct 12, 2021, 11:00 AM IST
  • ഇന്നലെ രാത്രി നെടുമുടി വേണുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി മമ്മൂട്ടി ആദരാജ്ഞലി അർപ്പിച്ചിരുന്നു​.
  • മമ്മൂട്ടി നായകനായെത്തുന്ന 'പുഴു'വും ഭീഷ്മപർവ്വവുമാണ്​ നെടുമുടി വേണുവിന്‍റെ അവസാന ചിത്രങ്ങൾ​.
  • വ്യക്തിപരമായി തനിക്ക്​ ഏറെ നഷ്​ടമുണ്ടാക്കുന്ന വേർപാടാണ്​ വേണുവിന്റേതെന്നും അദ്ദേഹം പറഞ്ഞു.
Mammootty on Nedumudi Venu: വിട പറയാനാകില്ല, വേണു എന്നും എന്റെ മനസ്സിൽ ഉണ്ടാവും, പ്രിയ സുഹൃത്തിന്‍റെ ഓർമയിൽ ​മമ്മൂട്ടി

അന്തരിച്ച നടൻ നെടുമുടി വേണുവിനൊപ്പമുള്ള (Nedumudi Venu) ഓർമകൾ പങ്ക് വച്ച് മമ്മൂട്ടി. നെടുമുടിയുമായി മദ്രാസിലെ (Madras) സിനിമാകാലം മുതൽ അവസാനം ഒരുമിച്ച് അഭിനയിച്ച പുഴു എന്ന സിനിമ (Cinema) വരെയുള്ള ബന്ധം ഓർക്കുകയാണ് മമ്മൂട്ടി (Mammootty) തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. വേണു തനിക്ക് ജ്യേഷ്ടനും സുഹൃത്തും വഴികാട്ടിയുമായിരുന്നെന്നും വേണുവിന്‍റെ ഓർമകൾ എക്കാലവും മരിക്കാതെ തന്‍റെ മനസ്സിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നെടുമുടി വേണുവിനൊപ്പമുള്ള പഴയകാല ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പുതിയ കാഴ്ചകളിലേക്കും അറിവുകളിലേക്കും ലോകങ്ങളിലേക്കും തനിക്ക് വാതിൽ തുറന്ന് നൽകിയത് നെടുമുടി വേണുവായിരുന്നുവെന്നും അദ്ദേഹത്തോടൊപ്പമുള്ള കാലത്ത് വിരസതയെന്താണെന്ന് താനറിഞ്ഞിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.

Also Read: Nedumudi Venu: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന് 

ഇന്നലെ രാത്രി നെടുമുടി വേണുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി മമ്മൂട്ടി ആദരാജ്ഞലി അർപ്പിച്ചിരുന്നു​. മമ്മൂട്ടി നായകനായെത്തുന്ന 'പുഴു'വും ഭീഷ്മപർവ്വവുമാണ്​ നെടുമുടി വേണുവിന്‍റെ അവസാന ചിത്രങ്ങൾ​. വ്യക്തിപരമായി തനിക്ക്​ ഏറെ നഷ്​ടമുണ്ടാക്കുന്ന വേർപാടാണ്​ വേണുവിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Also Read: Nedumudi Venu: ​ഗഞ്ചിറയിൽ താളമിട്ട് നെടുമുടി വേണു, വീഡിയോ പങ്കുവച്ച് രാജീവ് മേനോൻ

മമ്മൂട്ടിയുടെ വാക്കുകൾ...

"കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്.എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, 
മദ്രാസിൽ ഒരുമിച്ചുള്ള താമസം.  രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം .പിന്നെ വുഡ്ലാന്റ് സ് ഹോട്ടലിലേക്ക് .അതിനു ശേഷം വുഡ്ലാൻസിന്റെ കോട്ടജിലേക്ക് . എൺപത്തഞ്ചു വരെ ഈ സഹവാസം തുടർന്നു .അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിൽ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങൾ ഓർക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതിൽ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങൾ, സംഗീതം, നാടൻ കലാരൂപങ്ങൾ, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകൾ, അതിന്റെ ആട്ട പ്രകാരങ്ങൾ ആരംഗത്തെ ആചാര്യന്മാർ! അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലുമൊരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്.എനിക്കാവട്ടെ  അത്തരത്തിൽ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല. കോളജിലേയും മറ്റും കൊച്ചു കൊച്ചു കാര്യങ്ങൾ മാത്രം. അക്കാലത്ത് രൂപപ്പെട്ട ആ സൗഹൃദം വളരെ ഗാഢമായൊരു സ്നേഹബന്ധമായി മാറി. എൺപത്തിരണ്ടിൽ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് വേണുവിനും സഹനടനുള്ള അവാർഡ് എനിക്കുമായിരുന്നു. ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് തിരുവനന്തപുരത്ത് പോയി അവാർഡ് വാങ്ങിച്ച് തിരിച്ച് എറണാകുളത്ത് വന്ന് പ്രാതൽ കഴിച്ച് തൃശൂരിലേക്ക് 'രചന' യുടെ ഷൂട്ടിങിനു പോയത് ഇന്നുമോർക്കുന്നു.
മദിരാശിയിലെ താമസക്കാലമായിരുന്നു ഏറ്റവും ഊഷ്മളമായ കാലമെന്ന് ഞാനോർക്കാറുണ്ട്, എനിക്കങ്ങനെ തോന്നാറുണ്ട്.
ഒരു പാട് സിനിമകൾ അക്കാലത്ത് മദ്രാസിൽ തുടർച്ചയായി ഉണ്ടായിരുന്നു. 83,84 കാലത്ത് മാസക്കണക്കിന് ഒരേ മുറിയിൽ ഞങ്ങൾ ഒരുമിച്ചു തുടർച്ചയായി താമസിച്ചിട്ടുണ്ട്. അക്കാലത്ത് രണ്ടാം ഞായറാഴ്ചയാണ് ഒരവധി കിട്ടുക മദ്രാസിലെ ഷൂട്ടിംഗിൽ. എന്നാൽ നാട്ടിലേക്കു പോവാൻ പറ്റില്ല. ഒരു പകൽ മാത്രമാണ് അവധി. ആ ദിവസം ഒരു സൈക്കിൾ റിക്ഷക്കാരനെ ദിവസ വാടകയ്ക്ക് വിളിച്ച് രാവിലെ ഞങ്ങൾ ഇറങ്ങും. ചെറിയ ഷോപ്പിങ്ങുകൾ, ഒരു മലയാളി ഹോട്ടലിൽ നിന്ന് കേരള വിഭവങ്ങൾ കൂട്ടി  മൂക്കുമുട്ടെ ഭക്ഷണം .പിന്നെ മാറ്റിനിയും സെക്കന്റ് ഷോയും കഴിഞ്ഞേ മുറിയിൽ തിരിച്ചെത്തു. ഇന്നതോർക്കുമ്പോൾ എനിക്കു തന്നെ അത്ഭുതം തോന്നാറുണ്ട്. അന്ന് ഞങ്ങൾ രണ്ടു പേരും അറിയപ്പെടുന്ന നടന്മാരാണ്.നാട്ടിലാണെങ്കിൽ അങ്ങനെ ഒരു സൈക്കിൾ റിക്ഷയിൽ യാത്ര ചെയ്യാൻ പറ്റില്ല. പക്ഷെ, മദ്രാസിൽ അവിടവിടെ കണ്ടുമുട്ടുന്ന മലയാളികളൊഴികെ ആരും കാര്യമായി ഞങ്ങളെ അറിയുന്നവരില്ല. സുഖമായി സൈക്കിൾ റിക്ഷയിൽ നഗരം ചുറ്റാം.
ഒരു മുറിയിലാണ് ഞങ്ങൾ അന്ന് താമസിച്ചിരുന്നതെങ്കിലും പരസ്പരം കാണാത്ത ദിവസങ്ങൾ വളരെ ഉണ്ടാവും. ഉറക്കത്തിലും ഷൂട്ടിങ്ങിലും പെട്ടു പോവുന്ന കാരണമാണത്.
എന്നെ പുലർച്ചെ വിളിച്ചുണർത്താൻ വന്ന ഒരു പ്രൊഡക്ഷൻ മാനേജരെ വേണു ഒരിക്കൽ ചീത്ത പറഞ്ഞു.
രണ്ടു മൂന്നു സിനിമകളിൽ ഒരേ സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന കാലമാണ്. എന്നെ വിളിക്കാൻ വന്ന പ്രൊഡക്ഷൻ മാനേജർക്ക് തലേ ദിവസം ഞാൻ രാത്രി മുഴുവനും സെറ്റിലായിരുവെന്ന് അറിയാല്ലായിരുന്നു. ഞാൻ  വന്ന് കിടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ പ്രൊഡക്ഷൻ മാനേജർ വളരെ വിഷമത്തോടെ എന്നോട് വേണുവിനെപ്പറ്റി പരാതി പറഞ്ഞു.

ഉച്ചക്ക് ബ്രേക് സമയത്ത് ഭക്ഷണം കഴിച്ച് ചിലപ്പോൾ കിട്ടിയ സ്ഥലത്ത് ന്യൂസ് പേപ്പറോ മറ്റോ വിരിച്ച് കിടക്കും. അൽപം കഴിഞ്ഞ് അവിടെവെയിലു വന്നെന്നിരിക്കും.വേണു എന്നെയെടുത്ത് തണലിലേക്ക് കിടത്തിയിട്ടുണ്ട് പലപ്പോഴും.
ഒരു ദിവസം ഉച്ചനേരത്ത് കിടക്കാൻ കിട്ടിയത് ഒരു പാറയുടെ മുകൾ ഭാഗമായിരുന്നു. ഉണർന്നപ്പോൾ ഞാൻ ഒരു കാറിന്റെ പിൻസീറ്റിലാണ് കിടക്കുന്നത്. എന്നെ എടുത്ത് അങ്ങോട്ട് കാറിലേക്ക് കിടത്തിയത് വേണുവായിരുന്നു. അന്ന് എന്നെ പൊക്കിയെടുക്കാനുള്ള ആരോഗ്യം വേണുവിനുണ്ട്.ഞാനന്ന് ഇത്രയൊന്നും ഭാരവുമില്ല.
എന്റെ കുട്ടൂകാരനായി 
ചേട്ടനായി
അച്ഛനായി
അമ്മാവനായി
അങ്ങനെ ഒരു പാടു കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ആ കഥാപാത്രങ്ങളുടെ അപ്പുറത്തേക്ക് എനിക്കദ്ദേഹം എല്ലാമെല്ലാമായിരുന്നു.
കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം ഞങ്ങളുടെ സ്വന്തം ജീവിതത്തിലേക്കും ബാധിച്ച പോലതോന്നിയിട്ടുണ്ടെനിക്ക്.
ഈ കഴിഞ്ഞ ജന്മദിനത്തിനും എനിക്ക് ആശംസാ സന്ദേശമയച്ചിരുന്നു.
ഒരുപാടു അമിട്ടുകൾ പൊട്ടി വിരിഞ്ഞ വെടിക്കെട്ടാൽ ശബ്ദമുഖരിതമായിരുന്നല്ലോ കഴിഞ്ഞ ജന്മദിനം.
ആ ആലഭാരങ്ങൾക്കിടയിലും
ഞാൻ കൊച്ചു കൈത്തിരിയുടെ പ്രകാശം ഹൃദയത്തിൽ ഏറ്റു വാങ്ങി. എന്നും ആ വെളിച്ചമെന്റെ വഴികാട്ടിയായിരുന്നു. 
ഞാൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കന്ന രണ്ടു സിനിമയിലും ( ഭീഷ്മപർവ്വം, പുഴു) വേണു എന്റെ കൂടെ അഭിനയിക്കുന്നുണ്ട്.
ഇത്തവണയും ജന്മദിനത്തിന് സുശീലമ്മയുടെ കോടി മുണ്ടും കത്തും ഉണ്ടായിരുന്നു.അതു പോലെ എന്നെ ഓർക്കുകയും അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും ചെയ്തിരുന്ന എന്റെ ജ്യേഷ്ഠനാണ്  വഴികാട്ടിയായ സുഹൃത്താണ്
ശാസിച്ച അമ്മാവനാണ്.
ഒരുപാടു സ്നേഹിച്ച അച്ഛനാണ്.
അതിനപ്പുറത്ത് എനിക്കു വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവാത്ത എന്താെക്കെയോ ആണ്.
ഞാനതിനു മുതിരുന്നില്ല.
എനിക്കാവില്ല അതിന്.
അതിനാൽ എനിക്ക് വിട പറയാനാവില്ല. എന്നും എന്റെ മനസ്സിൽ വേണു ഉണ്ട്, ഉണ്ടാവും.ഓരോ മലയാളിയുടെ മനസ്സിലും ആ മഹാപ്രതിഭ മങ്ങാത്ത നക്ഷത്രമായി ജ്വലിച്ച് നിൽക്കും.
ഞാൻ കണ്ണടച്ച് കൈകൾ കൂപ്പട്ടെ."

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News