മലയാള സിനിമയിലെ പുതുതലമുറയിൽപ്പെട്ട ഒരൊറ്റ പാട്ട് കൊണ്ട് പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന ഗായിക ആവണി മൽഹാർ... ആവണി ക്രിസ്മസ് ദിനത്തിൽ സീ മലയാളം ന്യൂസിൽ അതിഥിയായി എത്തുന്നു. കുമാരിയിലെ മന്ദാരപ്പൂവേ... മന്ദാരപ്പൂവേ... എന്ന ഗാനം സ്വതസിദ്ധമായ ആലാപന മികവിലൂടെ ആവണി ആലപിച്ചപ്പോൾ കിട്ടിയത് വൻ സ്വീകാര്യത. ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ എന്നിവർ നായിക നായകന്മാരെയെത്തുന്ന സിനിമയിൽ കൈതപ്രം, ജ്യോതിഷ് കാശി, ജോപോൾ എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആവണി എന്ന പേരിനപ്പുറം ലോകമെമ്പാടുമുള്ള മലയാളികൾ ഈ പാട്ടിനെ ഏറ്റെടുത്തതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഗായികയുടെ പ്രതികരണം. ആവണി മൽഹാർ അഭിജിത്ത് ജയനും ഭവ്യപാർവ്വതിക്കുമൊപ്പം ക്രിസ്മസ് വിശേഷങ്ങൾ പങ്കുവച്ചപ്പോൾ. തമാശകൾ നിറഞ്ഞ സംഭാഷണത്തിൻ്റെ മുഴുനീള രസകരമായ നിമിഷങ്ങൾ തുടർന്ന് വായിക്കാം....
ക്രിസ്മസ് ആഘോഷത്തെക്കുറിച്ച്?
കുഞ്ഞുനാൾ മുതൽക്കേ ക്രിസ്മസ് ആകുമ്പോൾ ഫ്രണ്ട്സിൻ്റെ വീട്ടിലൊക്കെ നക്ഷത്രം ഇടാറുണ്ട്. ക്രിസ്മസ് ആഘോഷമൊക്കെ സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോഴാണ്. ആ ഒരു വൈബ് അതിൻ്റെ ഒരു ത്രില്ലൊക്കെ കിടിലമാണ്. സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കാനാണ് ശ്രമിക്കുക. റെക്കോർഡിങ് ഉണ്ടെങ്കിൽ സ്റ്റുഡിയോയിൽ ആയിരിക്കും. ക്രിസ്മസ് അത്രേയുള്ളൂ.
ആദ്യ പാട്ട് വന്ന വഴി
അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്ന് നെടുമുടി വേണു പറയും പോലെയാണ് ആവണിയുടെ ആദ്യ പാട്ടിൻ്റെ കഥ. മഞ്ജരിരിക്കും സുദീപ് കുമാറിനുമൊപ്പം പാടിയ ചാക്കോച്ചൻ ചിത്രം തട്ടിൻപുറത്ത് അച്യുതനിലെ തിരുവാതിര പാട്ടായിരുന്നു അത്. ട്രാക്ക് പാടാനാണ് അവസരം കിട്ടിയതെങ്കിലും 'മംഗളകാരക' എന്നു തുടങ്ങുന്ന ഗാനം തൻ്റെ ശബ്ദത്തിലാണ് സിനിമയിൽ എത്തുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരനാണ് സംഗീത സംവിധാനം നിർവഹിച്ചത്.
ട്രാക്ക് പാടി പിന്നെ സംഭവിച്ചത്
ട്രാക്ക് പാടാൻ അവസരം കിട്ടിയതിന് പിന്നിലും ഒരു കഥയുണ്ട്. അഫ്സൽ യൂസഫ് എന്ന സംഗീത സംവിധായകനെ ഈണം കേൾപ്പിച്ച് വരികൾ എഴുതിപ്പിക്കാനാണ് ആവണി കൈതപ്രത്തിന്റെ വീട്ടിലെത്തുന്നത്. ശബ്ദം കേട്ട് ഇഷ്ടപ്പെട്ട കൈതപ്രം ആവണിയോട് ഡെമോ അയച്ചു കൊടുക്കാൻ പറയുന്നു. അത് കേട്ട് ദീപാങ്കുരൻ ട്രാക്ക് പാടാൻ ആവണിയെ ക്ഷണിക്കുന്നു. കോഴിക്കോട് നിന്ന് കൊച്ചിയിൽ എത്തി ട്രാക്ക് പാടി തിരികെ വീട്ടിലേക്ക് മടങ്ങിയെത്തി സിനിമ ഇറങ്ങിയപ്പോൾ തന്റെ സ്വന്തം ശബ്ദത്തിൽ ആയിരുന്നു പാട്ട്. ഇത് കേട്ട് ആവണി അക്ഷരാർത്ഥത്തിൽ ഞെട്ടി... പറഞ്ഞില്ല, ആരും പറഞ്ഞില്ല എന്ന് തമാശരൂപേണയുള്ള മറുപടി...
യൂട്യൂബിലും, ഇൻസ്റ്റഗ്രാമിലും, ഫേസ്ബുക്കിലും കാഴ്ചക്കാരുടെ പ്രവാഹം
മന്ദാരപ്പൂവേ എന്ന് തുടങ്ങുന്ന കുമാരിയിലെ ഗാനം എന്നെ പ്രേക്ഷകർക്കിടയിൽ അറിയുന്നതിന് ഒരുപാട് സഹായിച്ചു. യൂട്യൂബിൽ മാത്രം 60 ലക്ഷത്തോളം പേർ ഈ പാട്ട് പങ്കുവെച്ചു. ആയിരക്കണക്കിന് ആളുകളാണ് റീലുകളായി ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഇത് തരംഗമാക്കി നൽകിയത്. കുമാരിയിലെ പ്രോജക്ട് ചെയ്യുന്നതിനു മുൻപ് തന്നെ തട്ടിൻപുറത്ത് അച്യുതനും കപ്പേളയും ജനഗണമനയുമൊക്കെ ചെയ്തിരുന്നു. പക്ഷേ അതിനേക്കാൾ ഡബിൾ സന്തോഷമാണ് ഈ പാട്ട് എനിക്ക് സമ്മാനിച്ചത്. ഗുരുനാഥന്മാരോടും മാതാപിതാക്കളോടും, തന്നെ സ്നേഹിക്കുന്ന എല്ലാരോടും താൻ എന്നെന്നും കടപ്പെട്ടിരിക്കും.
കന്നട, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിൽ പാടിയപ്പോൾ കിട്ടിയ അനുഭവം
മലയാളത്തിനു പുറമേ കന്നട, തമിഴ്, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനിടയിൽ വലിയ അവസരം തന്നെയാണ് ലഭിച്ചത്. പക്ഷേ കൂടുതൽ പ്രേക്ഷകർ ശ്രദ്ധിച്ചത് കുമാരിയിലെ ഗാനം പുറത്തുവന്നതിന് പിന്നാലെയാണ്. സോഷ്യൽ മീഡിയയിൽ അത് തന്ന ഹൈപ്പ് വളരെ വലുതാണ്.
കുടുംബത്തിൻ്റെ പിന്തുണയെക്കുറിച്ച്?
കുടുംബത്തിൽ നിന്ന് വലിയ പിന്തുണയാണ് സംഗീത മേഖലയിൽ തുടർന്നു പോകാനായി കിട്ടുന്നത്. ഇഷ്ടപ്പെട്ട ഗായിക ശ്വേത മോഹനാണ്. ചിത്ര, ശ്രേയഘോഷാൽ എന്നിവരുടെ മെലഡിയോട് ഭയങ്കര ഇഷ്ടമാണ്. എല്ലാ സംഗീതസംവിധായകരും അടിപൊളിയാണ്. മിക്ക ആളുകളുടെയും പാട്ടൊക്കെ കിടുവല്ലേ, പ്രത്യേകിച്ച് പറയേണ്ടതുണ്ടോ എന്ന് ചിരിച്ചുകൊണ്ട് മറുപടി... മലയാളത്തിലെ പഴയ മനോഹരമായ ഗാനങ്ങളും ഏറെ ഇഷ്ടമാണ്. എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. പാട്ടുമായി മുന്നോട്ടു പോകും.
കവർ സോങ്ങുകൾ ടോവിനോ ഷെയർ ചെയ്തല്ലോ?
കവർ സോങ്ങുകൾ ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. അതിൽ ഒരെണ്ണം മലയാളികളുടെ പ്രിയപ്പെട്ട താരം ടോവിനോ തോമസ് ഷെയർ ചെയ്തു. ഒരുപാട് സന്തോഷം സമൂഹമാധ്യമങ്ങളിൽ അദ്ദേഹം ഷെയർ ചെയ്തപ്പോൾ മികച്ച കമന്റുകളും പ്രതികരണങ്ങളുമാണ് കിട്ടിയത്. 'ഞാനും നീയും', ജീവാംശമായി രാവിൻ നിലാ കായൽ, തുടങ്ങിയ പാട്ടുകളിൽ ചെയ്ത കവർ സോങ് ചെയ്തത് ഹിറ്റായി. പ്രേക്ഷകർ ഹൃദയപൂർവ്വം ഏറ്റെടുത്തു. നിഹാരം,മനം, നീലക്കൽ മുക്കുത്തി തുടങ്ങിയ ആൽബങ്ങളും ചെയ്യാൻ കഴിഞ്ഞു.
ജന്മനാടിനെക്കുറിച്ച്?
നാട് കോഴിക്കോട് ആണെങ്കിലും താമസം കൊച്ചിയിലാണ്. പാട്ടിന്റെ ആവശ്യങ്ങൾക്കായി കൊച്ചിയിൽ അമ്മയ്ക്കൊപ്പമുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. സത്യനാണ് അച്ഛൻ. എം രജിതയാണ് അമ്മ. മുൻ അധ്യാപികയാണ്. കെമിക്കൽ എൻജിനിയറിങ്ങിൽ എം ടെക്ക് കഴിഞ്ഞു. ഇപ്പോൾ പാട്ടിനു വേണ്ടി സമയം ചിലവഴിക്കുന്നു. സംഗീതവും പാട്ടുമായിട്ടൊക്കെ മുന്നോട്ടു പോകണമെന്ന് ആഗ്രഹം.