US - Iran സംഘര്‍ഷം യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കേ, ഇന്ത്യയും പശ്ചിമേഷ്യയിലെ പ്രവാസി സമൂഹവും കടുത്ത ആശങ്കയില്‍.
മേഖലയില്‍ 80 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ നല്ലൊരുപങ്ക് മലയാളികളാണെന്നിരിക്കേ, കേരളവും അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങള്‍ വീക്ഷിക്കുന്നത്.
ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവനായ കാസിം സുലൈമാനിയും പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെതിന് പിന്നാലെയാണ് US - Iran സംഘര്‍ഷം കനത്തത്.
കമാന്‍ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് US ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്. കാസിം സുലൈമാനിയെ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക നടത്തിയ വ്യോമാക്രമണം.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യോമാക്രമണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു.
എന്നാല്‍, US നടത്തിയ ആക്രമണം പലതരത്തില്‍ ഇന്ത്യയെ ബാധിക്കും. സാമ്പത്തികമാന്ദ്യം മൂലമുള്ള പിരിമുറുക്കത്തിനൊപ്പം കടന്നുവരുന്ന പുതിയ സംഘര്‍ഷം പെട്രോളിയം ഉല്പന്ന വിലയും അതുവഴി നിത്യോപയോഗ സാധന വിലയും വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
കൂടാതെ, പ്രവാസി സമൂഹം ഇന്ത്യയിലേക്ക് അയക്കുന്ന തുകയുടെ പകുതിയും (ഏകദേശം 4,000 കോടി ഡോളര്‍) പശ്ചിമേഷ്യയില്‍നിന്നാണ്. സൗദി-ഖത്തര്‍ സംഘര്‍ഷം, ഗള്‍ഫ് നാടുകളിലെ തൊഴില്‍ ദേശസാത്കരണം, എന്നിവയ്ക്കുപിന്നാലെയാണ് ഇപ്പോഴത്തെ യുദ്ധസമാന സാഹചര്യം. അത് തൊഴിലവസരങ്ങളെ ബാധിക്കുമെന്നു മാത്രമല്ല, തൊഴില്‍ ഉപേക്ഷിച്ച് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതി കൂടിയാണ് ഉണ്ടാക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാതിരിക്കാന്‍ യു.എസും ഇറാനും സംയമനം പാലിക്കണമെന്ന് ഇന്ത്യ അഭ്യര്‍ഥിച്ചിരിയ്ക്കുകയാണ്.