ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മോട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ നവീകരിച്ചതിന് ശേഷമുള്ള ആദ്യ ക്രിക്കറ്റ് മത്സരം ഇന്ന് നടക്കുകയാണ്. ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ടെസ്റ്റാണ് നടക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നാണ് നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.
1983ൽ പണിത സ്റ്റേഡിയത്തിലെ ആദ്യ ODI നടക്കുന്നത് 1984 ലാണ്. അതിന് ശേഷം 2006 ൽ സ്റ്റേഡിയം നവീകരിച്ചിരുന്നു. വീണ്ടും 2016 ലാണ് സ്റ്റേഡിയം പുതുക്കി പണിയാൻ ആരംഭിച്ചത്.
സ്റ്റേഡിയത്തിൽ 1,10,000 ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് 19 പ്രതിരോധ നടപടികൾ നിലവിലുള്ളതിനാൽ 55,000 പേർക്ക് മാത്രമേ ഈ പ്രാവശ്യം അനുവാദം നൽകുകയുള്ളൂ. ഇതോട് കൂടി ലോകത്തിലെ ഏറ്റവും വല്യ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോദി സ്റ്റേഡിയം മാറി. രണ്ടാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമാണ്. ആകെ 1,00,000 പേരെ ഉൾക്കൊള്ളിക്കാനുള്ള ശേഷി മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിനുണ്ട്.
ആകെ 63 ഏക്കറുകളിലായി നിർമ്മിച്ചിരിക്കുന്ന സ്റ്റേഡിയത്തിൽ 3000 കാറുകൾക്കും 10000 ഇരുചക്ര വാഹനങ്ങൾക്കും ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. മൂന്ന് പ്രവേശന കവാടങ്ങളാണ് സ്റ്റേഡിയത്തിനുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ കായിക സ്റ്റേഡിയയങ്ങളിൽ രണ്ടാം സ്ഥാനമാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിനുള്ളത്. ആദ്യ സ്ഥാനം ദക്ഷിണ കൊറിയയിലെ റൺഗ്രേഡോ മെയ് ഡേ സ്റ്റേഡിയത്തിനാണ്. സ്റ്റേഡിയത്തിലാകെ 11 പിച്ചുകളാണുള്ളത്. മഴപെയ്ത് നനഞ്ഞാലും അരമണിക്കൂറിൽ സാധാരണ നിലയിലെത്തുമെന്നതാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന പിച്ചിന്റെ പ്രത്യേകത.