മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്തയുമായി ബിസിസിഐ. ഏഷ്യ കപ്പ് 2023ൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകുമെന്ന് റിപ്പോർട്ട്. ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിന് പാകിസ്ഥാനിലേക്ക് അയക്കാൻ ബിസിസിഐക്ക് എതിർപ്പൊന്നുമില്ലെന്ന് തങ്ങളുടെ വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നു. അന്തിമ തീരുമാനം മറ്റ് ക്ലിയറൻസും നൽകേണ്ടത് സർക്കാരാണെന്ന നിലപാടിലാണ് ഇപ്പോൾ ബിസിസിഐ. ഇന്ത്യയിൽ വെച്ച് നടക്കുന്ന 2023 ഏകദിന ലോകകപ്പിന് പിന്നാലെയാണ് പാകിസ്ഥാൻ 50 ഓവർ ഏഷ്യ കപ്പ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരമുള്ള ബിസിസിഐയുടെ തീരുമാനത്തിന് സർക്കാർ ശരിവെക്കുകയാണെങ്കിൽ 2008ന് ശേഷം ആദ്യമായിട്ടാകും ഇന്ത്യ പാക് മണ്ണിൽ ക്രിക്കറ്റ് മത്സരത്തിനായി പോകുന്നത്. ഇത് ഇരു രാജ്യങ്ങളുടെ ക്രിക്കറ്റ് ആരാധകർക്ക് ആവേശമാകും ഒരുക്കുക.
നിലവിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വന്റി20 ലോകകപ്പിന് തയ്യാറെടുക്കുകയാണ്. നാളെ കഴിഞ്ഞ് 16-ാം തീയതി ആരംഭിക്കുന്ന ടൂർണമെന്റിൽ ഒക്ടോബർ 23ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. മെൽബണിൽ വെച്ചാണ് ഇന്ത്യ പാക് പോരാട്ടം. ദുബായിൽ വെച്ച് നടന്ന ട്വന്റി ലോകകപ്പിലും കഴിഞ്ഞ മാസം നടന്ന ഏഷ്യ കപ്പിലും ഇന്ത്യക്കെതിരെ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാൻ. ദുബായിൽ വെച്ച് നടന്ന മത്സരത്തിലാണ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് പാകിസ്ഥാനോട് ലോകകപ്പിൽ തോൽക്കേണ്ടി വന്നത്.
ഏഷ്യ കപ്പ് റണ്ണറപ്പായ പാകിസ്ഥാൻ നിലവിൽ കൂടുതൽ ഫോം കണ്ടെത്താൻ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് പാകിസ്ഥാൻ കപ്പ് നേടിയിരുന്നു. അതേസമയം ഇന്ത്യയാകെട്ടെ സ്വന്തം തട്ടകത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ ടി20 പരമ്പര നേടിയാണ് ലോകകപ്പിനായി തിരിച്ചത്. എന്നാൽ പരിശീലന മത്സരത്തിൽ പശ്ചിമ ഓസ്ട്രേലിയയോട് തോറ്റതിന്റെ സമ്മർദ്ദത്തിലാണ് ഇന്ത്യ നിലവിൽ.
ലോകകപ്പിനുള്ള ഇന്ത്യൻ സംഘം : രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, ദീപക് ഹൂഡ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, യുസ്വേന്ദ്ര ചഹൽ, ഹർഷാൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, അർഷ്ദീപ് സിങ്, അക്സർ പട്ടേൽ.
ലോകകപ്പിനുള്ള പാകിസ്ഥാൻ ടീം: ബാബർ അസം, അസിഫ് അലി, ഹൈദർ അലി, ഷാൻ മസൂദ്, ഖുശ്ദിൽ ഷാ, മുഹമ്മദ് റിസ്വാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, മുഹമ്മദ് ഹസ്നെയ്ൻ, ഉസ്മാൻ ഖാദിർ, ഹാരിസ് റൌഫ്, നസീം ഷാ, മുഹമ്മദ് വസീം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...