റഷ്യയ്ക്ക് മികച്ച തുടക്കം; സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു

  

Last Updated : Jun 15, 2018, 11:01 AM IST
റഷ്യയ്ക്ക് മികച്ച തുടക്കം; സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു

മോസ്‌കോ: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. സൗദി അറേബ്യയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് റഷ്യ തുടങ്ങിയത്. യൂറി ഗാസിന്‍സ്‌കി, ഡെനിസ് ചെറിഷേവ്, അര്‍ട്ടം സ്യൂബ, അലക്‌സാണ്ടര്‍ ഗോലോവിന്‍  എന്നിവരാണ് റഷ്യയുടെ ഗോളുകള്‍ നേടിയത്.

കളിയുടെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു റഷ്യ. കളിയുടെ 12 മത്തെ മിനിറ്റില്‍ റഷ്യ ആദ്യഗോള്‍ വലയിലാക്കി. യൂറി ഗസിന്‍സ്‌കിയാണ് റഷ്യയ്ക്കായി ആ ചരിത്ര ഗോള്‍ സ്വന്തമാക്കിയത്.

നാല്‍പത്തിമൂന്നാം മിനിറ്റില്‍ പകരക്കാരന്‍ ഡെന്നിസ് ചെറിഷേവ് നേടിയ ഗോളോടെ സൗദി അറേബ്യയ്‌ക്കെതിരെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 43 മത്തെ മിനിറ്റിലാണ് രണ്ടാമത്തെ ഗോള്‍ പിറന്നത്.  എഴുപത്തിയൊന്നാം മിനിറ്റില്‍ സ്യൂബയും ലക്ഷ്യം കണ്ടു. സെമലോവിന് പകരക്കാരനായി ഇറങ്ങി ആദ്യ ടച്ചില്‍ തന്നെ ഹെഡ്ഡറിലൂടെ വല കുലുക്കുകയായിരുന്നു സ്യൂബ.

90 മത്തെ മിനിറ്റ് പിന്നിടുമ്പോള്‍ മൂന്നു ഗോളിനു മുന്നിലായിരുന്ന റഷ്യ, ഇന്‍ജുറി ടൈമില്‍ രണ്ടു ഗോള്‍ കൂടി നേടി ആതിഥേയര്‍ ലോകകപ്പിന്‍റെ തുടക്കം ഗംഭീരമാക്കി. ഇന്‍ജുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ നേടിയ ഗോളിലൂടെ ഡെനിസ് ചെറിഷേവ് ഇരട്ടഗോള്‍ നേടിയപ്പോള്‍, അവസാന മിനിറ്റില്‍ അലക്‌സാണ്ടര്‍ ഗോളോവിന്‍ ലീഡ് അഞ്ചാക്കി.

അരമണിക്കൂര്‍ മാത്രം നീണ്ടുനിന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ലോകകപ്പിന് തുടക്കമായത്. ആതിഥേയ ടീം ഇതുവരെ തോറ്റിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിക്കുമോ അതോ ജയം സൗദിയ്‌ക്കൊപ്പമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ലോകം.

 

 

Trending News