Qatar World Cup 2022: ഫുട്ബോളിന്റെ കണ്ണുനീർ! മെസ്സി, നെയ്മർ, സിആർ7... തീരുന്നില്ല പട്ടിക; ഖത്തറിൽ വിടപറയുന്ന ഇതിഹാസങ്ങൾ

Qatar World Cup 2022: ഓരോ ലോകകപ്പും പലതാരങ്ങളുടേയും അവസാന ലോകകപ്പ് ആയിരിക്കും. എന്നാൽ ഇത്തവണ അവസാന ലോകകപ്പിനിറങ്ങുന്നത് ഫുട്ബോൾ ഇതിഹാസങ്ങളിൽ ചിലരാണ്.

Written by - Zee Malayalam News Desk | Last Updated : Nov 9, 2022, 11:58 AM IST
  • അഞ്ചാം ലോകകപ്പ് കളിക്കുന്ന മെസ്സിയുടെ അവസാന ലോകകപ്പ് ആയിരിക്കും ഖത്തറിലേത്
  • പ്രായം അത്ര പ്രശ്നമല്ലെങ്കിലും അടുത്ത ലോകകപ്പിൽ താനുണ്ടാവില്ലെന്ന നിലപാടിലാണ് നെയ്മർ
  • ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും അവസാന ലോകകപ്പ് ആയിരിക്കും ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്
Qatar World Cup 2022: ഫുട്ബോളിന്റെ കണ്ണുനീർ! മെസ്സി, നെയ്മർ, സിആർ7... തീരുന്നില്ല പട്ടിക; ഖത്തറിൽ വിടപറയുന്ന ഇതിഹാസങ്ങൾ

കാൽപന്തുകളിയുടെ ആവേശത്തിനൊപ്പം ആരാധകരുടെ കണ്ണീർമഴയ്ക്കും ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിക്കും. പച്ചപുല്ലിൽ പന്തുരുളുമ്പോൾ ഇന്ദ്രജാല ചുവടുകളുമായി ​ഗോൾ വലകളിലേക്ക് നിറയൊഴിക്കുന്ന ഈ പ്രിയ താരങ്ങൾ അടുത്ത ലോകകപ്പിൽ കളിക്കളത്തിലുണ്ടാകില്ല. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, തോമസ് മുള്ളർ, റോബർട്ട് ലെവൻഡോവ്സ്കി, മാനുവൽ നൂയർ, തിയാഗോ സിൽവ തുടങ്ങിയ താരങ്ങൾക്ക് ഇത് അവസാന ലോകകപ്പാണ്.  

അർജന്റീന ജേഴ്സിയിൽ മെസ്സിക്കിത് ഏറെ വൈകാരിക സന്ദർഭമാണ്. ഖത്തറിലേത് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് ഇതിനോടകം തന്നെ മെസി വ്യക്തമാക്കിയിട്ടുണ്ട്. 2019 മുതൽ പരാജയമറിയാതെ 35 മത്സരങ്ങൾ പൂർത്തിയാക്കി, കഴിഞ്ഞ വർഷം ബ്രസീലിനെ തോൽപ്പിച്ച് കോപ്പ അമേരിക്ക കിരീടം  മെസ്സിയും സംഘവും സ്വന്തമാക്കിയിരുന്നു. കിരീടം സ്വപ്നം കാണുന്ന മെസ്സിക്കിത്  5 ആം ലോകകപ്പാണ്. 35 വയസ്സുകാരനായ അദ്ദേഹം  അർജന്റീനക്കായി 164 മത്സരങ്ങളിൽ നിന്ന് 90 ​ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി യുടെ താരമാണ്. ഖത്തർ ലോകകപ്പിന് ശേഷം ‌അർജന്റീന കുപ്പായത്തിൽ മെസ്സി തുടരാൻ സാധ്യതയില്ല. 

Read Also: ലോകകപ്പ് ചൂട് കേരളത്തിലും, പുള്ളാവൂരിലെ കട്ടൗട്ടുകള്‍ ഫിഫയും കണ്ടു, സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ

മെസ്സി എന്നാൽ അർജന്റീന ആണെങ്കിൽ പോർച്ചു​ഗൽ എന്നാൽ ക്രിസ്റ്റ്യാണോ റോണാൾഡോ ആണ്. അഞ്ച് തവണ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന ബഹുമതി നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാൾ. 
കഴിഞ്ഞ 17  മത്സരങ്ങളിൽ  7 ​ഗോളടിച്ച സിആ‍ർ7 തന്റെ കരിയറിലെ നാല് ലോക കപ്പുകളിലും ​ഗോളുകൾ നേടി. പോർച്ചു​ഗൽ ജേഴ്സിയിൽ 191 മത്സരങ്ങളിൽ 117 ​ഗോളടിച്ചു. ഇതുവരെ  818 ​ഗോളുകളാണ് റോണാൾഡൊ നേടിയത്. 

ബ്രസീലിയൻ ഫുട്ബോൾ താരമായ നെയ്മറിന് 30 വയസ്സ് ആയിട്ടേ ഉള്ളുവെങ്കിലും  ഇനിയൊരു ലോകകപ്പിനില്ലെന്ന് അദ്ദേഹവും പ്രഖ്യാപിച്ചു. 2014 ലെ ലോകകപ്പിൽ അഞ്ച്  മത്സരങ്ങളിൽ നിന്ന് നാല് ഗോൾ നേടിയ അദ്ദേഹത്തിന്റെ മൂന്നാമത്തെ ലോകകപ്പാണ് ഇത്. മെസ്സിയെ പോലെ തന്നെ നെയ്മറിനും ഈ ലോകകപ്പ് ഏറെ നിർണായകമാണ്. 2002 ന് ശേഷം ഒരു ലോകകപ്പിന്റെ ഫൈനലിൽ പോലും എത്താൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ബ്രസീലിന് വേണ്ടി 121 മത്സരങ്ങളിൽ നിന്നായി 75 ഗോളുകൾ നേടിയിട്ടുണ്ട് നെയ്മർ. ഗോൾ വേട്ടയിൽ രാജ്യത്ത് നെയ്മറിന് മുന്നിലുള്ളത് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഇതിഹാസമായ പെലെ മാത്രമാണ്. 

Read Also: ഖത്തർ ലോകകപ്പ് മത്സരങ്ങൾ ജർമനിയിലെ പബ്ബുകളിൽ സംപ്രേഷണം ചെയ്യില്ലെന്ന് സ്പോർട്സ് ബാർ ഉടമകൾ

ഒരു തവണ മാത്രം ലോകകപ്പ്  കളിച്ച പോളണ്ട് ക്യാപ്റ്റൻ ലെവൻഡോവ്സ്കിക്ക് പ്രായം 34  ആയി. പോളണ്ടിനായി 134 തവണ  മത്സരിക്കുകയും 76 ഗോൾ നേടുകയും ചെയ്തു. 2018 ലെ റഷ്യ ലോകകപ്പിൽ മൂന്ന് തവണ ബൂട്ടുകെട്ടിയെങ്കിലും ഒരു ഗോൾ പോലും നേടാനായില്ല.

ജർമനിയുടെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ്  മാനുവൽ നൂയറും, തോമസ് മുള്ളറും. ഇത്തവണ രണ്ട് പേരും ലോകകപ്പിനോട് വിട പറയും. ഒന്നാം നമ്പർ ​ഗോൾ കീപ്പറായ മാനുവൽ നൂയറിന് 36  വയസ്സാണ്. നാലാം ലോക കപ്പാണ് ഖത്തറിലേത്. 33 വയസ്സുള്ള തോമസ്സ് മുള്ളർ നാലാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. 16 മത്സരങ്ങളിൽ  10 ഗോളാണ് അദ്ദേഹം നേടിയത്. രണ്ടുപേർക്കും ഇനിയൊരു ലോകകപ്പ് അങ്കത്തിനുള്ള സാധ്യത വളരെ കുറവാണ്.

ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളാണ് തിയാഗോ സിൽവ. ഇദ്ദേഹം ബ്രസീലിയൻ പ്രൊഫഷണൽ ഫുട്ബോളറാണ്. 38 വയസ്സായ ഇദ്ദേഹം പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ സെന്റർ ബാക്ക് ആണ്. കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിന്റെ ക്യാപ്റ്റനായിരുന്നു സിൽവ. ഖത്തർ ലോകകപ്പ് സിൽവയുടേയും അവസാന ലോകകപ്പ് ആയിരിക്കും.

മൈതാനങ്ങളിൽ പന്തുകൾ ഇനിയും ഏറെ ഉരുളും. നാല് വർഷം കൂടുമ്പോൾ ലോകകപ്പ് മാമാങ്കങ്ങളും സംഭവിക്കും. ഇതിലും വലിയ താരങ്ങൾ ബൂട്ടഴിച്ചിട്ടും ലോകത്തോട് തന്നെ വിടപറഞ്ഞിട്ടും ഫുട്ബോൾ ആരാധകർ അവരുടെ ആവേശം ഒരൽപം പോലും കുറയാതെ പന്തിന് പിറകേ കണ്ണിമവെട്ടാതെ നോക്കിയിരുന്നുകൊണ്ടേയിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News