ഐപിഎല്ലിൽ ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ലക്നൗവിനും മുംബൈയ്ക്കും ഇന്ന് വിജയം അനിവാര്യമാണ്. ലക്നൗവിന്റെ ഹോം ഗ്രൗണ്ടിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
12 കളികളിൽ 7 വിജയവും 5 തോൽവിയും അക്കൗണ്ടിലുള്ള മുംബൈ ഇന്ത്യൻസ് 14 പോയിന്റുമായി 3-ാം സ്ഥാനത്താണ്. 12 കളികളിൽ 6 വിജയവും 5 പരാജയവും സഹിതം 12 പോയിന്റുകളുള്ള ലക്‌നൗ മുംബൈയ്ക്ക് തൊട്ടുപിന്നിൽ 4-ാം സ്ഥാനത്തുണ്ട്. അവസാന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ മുട്ടുകുത്തിച്ചാണ് ലക്നൗവിന്റെ വരവ്. 182 റൺസ് പിന്തുടർന്ന ഹൈദരാബാദിനെ 13 പന്തിൽ നിന്ന് 44 റൺസെടുത്ത നിക്കോളാസ് പൂരന്റെ മികച്ച പ്രകടനമാണ് വിജയിപ്പിച്ചത്. മാർക്കസ് സ്റ്റോയിനിസ് (25 പന്തിൽ 40), പ്രേരക് മങ്കാഡ് (45 പന്തിൽ 64*) എന്നിവരും മികച്ച പ്രകടനം നടത്തി.
ALSO READ: പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി ഗുജറാത്ത്; ഡൽഹിക്ക് പിന്നാലെ ഹൈദരാബാദും പുറത്ത്
അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് മുംബൈ ഇന്ന് ഇറങ്ങുന്നത്. റാഷിദ് ഖാൻ്റെ ഓൾ റൗണ്ട് പ്രകടനത്തെ മറികടന്ന മുംബൈ സൂര്യകുമാർ യാദവിന്റെ കന്നി ഐപിഎൽ സെഞ്ച്വറിയുടെ കരുത്തിലാണ് വിജയിച്ചത്. മുംബൈയുടെ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇന്ന് ഹോം ഗ്രൗണ്ടിൽ കളിക്കുന്ന ലക്നൗവിന് മുംബൈയെ അട്ടിമറിക്കാൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഐപിഎല്ലിൽ ഇതുവരെ ലക്നൗവിനെ പരാജയപ്പെടുത്താൻ മുംബൈയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ സീസണിൽ രണ്ട് തവണ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. ഇതിൽ രണ്ടിലും ലക്നൗവാണ് വിജയിച്ചത്. ഈ സീസണിൽ ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.
ഐപിഎൽ 2023ൽ ആകെ 10 ടീമുകളാണുള്ളത്. 10 ടീമുകളും ഹോം, എവേ മത്സരങ്ങൾ ഉൾപ്പെടെ ആകെ 14 മത്സരങ്ങൾ വീതം കളിക്കും. പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന നാല് ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ഐപിഎൽ 2023 സീസണിൽ ഓരോ ഫ്രാഞ്ചൈസിയും അഞ്ച് ടീമുകളുമായി രണ്ട് തവണയും നാല് ടീമുകളുമായി ഒരു തവണയും കളിക്കും. ലീഗ് ഘട്ടം കഴിഞ്ഞാൽ പോയിന്റ് പട്ടികയിലെ ആദ്യ 4 ടീമുകൾ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കും. ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകൾ ഐപിഎല്ലിൽ ഇതുവരെ കീരീടം നേടിയിട്ടില്ല.
നിലവിൽ ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് ഈ സീസണിൽ പ്ലേ ഓഫിൽ എത്തിയ ഏക ടീം. ശേഷിക്കുന്ന 3 സ്ഥാനങ്ങൾക്ക് വേണ്ടി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഡൽഹി ക്യാപിറ്റൽസും സൺറൈസഴ്സ് ഹൈദരാബാദും പ്ലേ ഓഫ് കാണാതെ പുറത്തായി കഴിഞ്ഞു. കലാശപ്പോരാട്ടം മെയ് 28ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.
സാധ്യതാ ടീം
ലക്നൗ സൂപ്പർ ജയന്റ്സ് സാധ്യതാ ടീം: ക്വിന്റൺ ഡി കോക്ക് (WK), കൈൽ മേയേഴ്സ്, പ്രേരക് മങ്കാഡ്, നിക്കോളാസ് പൂരൻ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, ആയുഷ് ബഡോണി, രവി ബിഷ്‌നോയ്, അമിത് മിശ്ര, അവേഷ് ഖാൻ, യാഷ് താക്കൂർ.
മുംബൈ ഇന്ത്യൻസ് സാധ്യതാ ടീം: ഇഷാൻ കിഷൻ (WK), രോഹിത് ശർമ്മ (c), സൂര്യകുമാർ യാദവ്, തിലക് വർമ്മ / വിഷ്ണു വിനോദ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, ക്രിസ് ജോർദാൻ, ആകാശ് മധ്‌വാൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...