ന്യൂഡല്‍ഹി: ടി20 ലോകകിരീടം നേടിയ ടീം ഇന്ത്യ നാളെ നാട്ടില്‍ തിരിച്ചെത്തും. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ടീം ഇന്ത്യ ബാര്‍ബഡോസില്‍ തുടരുകയാണ്. ബിസിസിഐ സജ്ജീകരിച്ച പ്രത്യേക വിമാനത്തിലാണ് ടീം അംഗങ്ങള്‍ തിരിച്ചെത്തുക.
തിങ്കളാഴ്ച ബാർബഡോസിൽ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ ടീമിന് ഹോട്ടലിനുള്ളിൽ തന്നെ തങ്ങേണ്ടി വന്നിരുന്നു. ബാർബഡോസിൽ നിന്ന് ഇന്ന് വൈകുന്നേരം 6 മണിക്ക് (ഇന്ത്യൻ സമയം ബുധൻ പുലർച്ചെ 3.30) ടീം പുറപ്പെടുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ബുധനാഴ്ച വൈകുന്നേരം ഏകദേശം 7:45ന് ആയിരിക്കും ടീം ഡൽഹിയിൽ എത്തുക.
ALSO READ: പോഡിയത്തിലേയ്ക്ക് രോഹിത്തിന്റെ സ്പെഷ്യൽ നടത്തം; പഠിപ്പിച്ചത് കുൽദീപ്, സംഭവം ഇതാണ്!
അതേസമയം, ടി20 ലോകകപ്പിൽ പരാജയമറിയാതെയാണ് ഇന്ത്യ കപ്പുയർത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ അയര്‍ലന്‍ഡ്, പാകിസ്താന്, യുഎസ്എ എന്നീ ടീമുകൾ ഇന്ത്യ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞു. കാനഡയ്ക്ക് എതിരായ മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തു. ഗ്രൂപ്പ് ചാമ്പ്യൻമാരായി സൂപ്പർ 8 റൗണ്ടിലെത്തിയ ഇന്ത്യ അഫ്ഗാനിസ്താന്, ഓസ്ട്രേലിയ എന്നിവരെ പരാജയപ്പെടുത്തി. സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയും തകര്‍ത്താണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ടി20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പരാജയമറിയാത്ത രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തി എന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു.
ആദ്യമായി ഒരു ഐസിസി കിരീടം എന്ന സ്വപ്നവുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് എതിരെ കച്ചമുറുക്കിയത്. 1992ന് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ 7 തവണയാണ് പ്രോട്ടീസിന് സെമി ഫൈനലില്‍ കാലിടറിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനവും ജസ്പ്രീത് ബുംറയുടെ ബൗളിംഗ് പ്രകടനവും ഫൈനലിന്റെ വിധി നിര്‍ണയിച്ചതില്‍ നിര്‍ണായകമായി. 59 പന്തുകള്‍ നേരിട്ട കോഹ്ലി 6 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ 76 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്ക മത്സരത്തിലേയ്ക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് കാണാനായത്. മധ്യനിരയില്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് (31) ഹെന്റിച്ച് ക്ലാസന് എന്നിവര്‍ (52) മികച്ച പ്രകടനം നടത്തി. ഒരു ഘട്ടത്തില്‍ 30 പന്തില്‍ 30 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 7 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്. 21 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ച ഡേവിഡ് മില്ലറുടെ വിക്കറ്റ് അവസാന ഓവറിലെ ആദ്യ പന്തില്‍ നഷ്ടമായതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ക്യാച്ച് മത്സരഫലം ഇന്ത്യയ്്ക്ക് അനുകൂലമാക്കുകയായിരുന്നു. ടി20യില്‍ 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy