ലോകം ഫുട്ബോള്‍ ആവേശത്തിലേക്ക്. ഖത്തര്‍ ലോകകപ്പിനു ഇന്നു കിക്കോഫ്. പന്ത് ഇനി നിലംതൊടില്ല. ഇനി 29 രാവുകളില്‍ ഫുട്ബോള്‍ കാഴ്ച മാത്രം. ഇന്നു രാത്രി ഒമ്പതരയ്ക്കുള്ള ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. നാളെ മൂന്ന് മത്സരങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാലു മല്‍സരങ്ങളുണ്ടാകും. ഉദ്ഘാടനച്ചടങ്ങുകള്‍ രാത്രി 7.30-ന് തുടങ്ങും. 'ഒത്തൊരുമിച്ച് വരൂ' എന്ന് അര്‍ഥമുള്ള ഹയ്യാ ഹയ്യാ എന്ന ഗാനമാണ് ഈ ടൂര്‍ണമെന്റിന്റെ തീം സോങ്. എട്ട് ഗ്രൂപ്പുകളുള്ള 32 ടീമുകള്‍ പങ്കെടുക്കുന്ന 64 മത്സരങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 18-നാണ് ഫൈനൽ. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉറക്കമൊഴിച്ചിരുന്ന് ഇന്ത്യക്കാര്‍ക്ക് കളി കാണേണ്ടി വരില്ല. എന്നാല്‍ 3.30ന് തുടങ്ങുന്ന മത്സരങ്ങള്‍ ജോലി സമയമായതിനാല്‍ പലര്‍ക്കും നഷ്ടമാകുകയും ചെയ്യും. ലോകകപ്പ് സംപ്രേഷണത്തിലും ഉണ്ട് ഇത്തവണ ഒട്ടേറെ പുതുമകള്‍. മത്സരത്തിന്‍റെ സംപ്രേഷണാവകാശം 195 രാജ്യങ്ങളിലും റെക്കോര്‍ഡ് തുകക്കാണ് ഫിഫ വിറ്റത്.
ലോകകപ്പ് ഇന്ത്യയില്‍ കാണാന്‍
ഇന്ത്യയില്‍ സോണി സോപ്ര്‍ട്സ് പോലുള്ള പതിവ് ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു ചാനലിലാണ് ആരാധകര്‍ ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ കാണേണ്ടത്. വയാകോം 18ന് കീഴിലുള്ള സ്പോര്‍ട്സ് 18 ചാനലാണ് ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ടെലിവിഷനില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ജിയോ സിനിമയിലൂടെ മത്സരങ്ങള്‍ സൗജന്യമായി കാണാനാകും.
യുകെയില്‍
ബിബിസിയാണ് യുകെയില്‍ ഫിഫ ലോകകപ്പ് സംപ്രേഷണം ചെയ്യുക. ഐടിവി ഒഫീഷ്യല്‍ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും മത്സരങ്ങളുടെ ലൈവ് സ്ട്രീം കാണാനാകും.
യുഎസ്എയില്‍
ഫോക്സ് സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കും ടെലിമുണ്ടോയുമാണ് അമേരിക്കയില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ഫോക്സ് സ്പോര്‍ട്സ് ഒഫീഷ്യല്‍ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് കാണാനാകും. fuboTV, Sling TV, Hulu + Live TV, AT&T TV Now, or YouTube TV എന്നിവയിലും ലൈവ് ഫീഡ് ലഭ്യമാകും.
മിഡില്‍ ഈസ്റ്റില്‍
അല്‍ജസീറയാണ് മിഡില്‍ ഈസ്റ്റില്‍ ലോകകപ്പ് സംപ്രേഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേബിള്‍ ടിവി, സാറ്റ്ലൈറ്റ്, ടെറെസ്റ്റിയല്‍, മൊബൈല്‍, ബ്രോഡ്ഡ്ബാന്‍ഡ് സംവിധാനങ്ങളിലെല്ലാം 23 രാജ്യങ്ങളില്‍ മത്സരങ്ങള്‍ അല്‍ജസീറ സംപ്രേഷണം ചെയ്യും.
യൂറോപ്പില്‍
യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയനാണ് യൂറോപ്പില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. 37 രാജ്യങ്ങളില്‍ യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍ മത്സരം സംപ്രേഷണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...