ലണ്ടന്‍: UKയില്‍ വളര്‍ത്തുപൂച്ചയ്ക്ക് കോവിഡ് (Covid-19) സ്ഥിരീകരിച്ചു... യുകെയില്‍ ഇതാദ്യമായാണ് വളര്‍ത്തുമൃഗങ്ങളിലും കോവിഡ് സ്ഥിരീകരിക്കുന്നത്.
ഉടമയില്‍ നിന്നാണ് പൂച്ചയ്ക്ക് കോവിഡ് ബാധിച്ചതെന്ന് ലഭ്യമായ എല്ലാ തെളിവുകുളിലൂടെയും കണ്ടെത്തിയതായി ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയം പറയുന്നു.
നിലവില്‍ പൂച്ചയും ഉടമയും രോഗമുക്തരായിട്ടുണ്ട്. മറ്റു മൃഗങ്ങള്‍ക്കോ വീട്ടിലെ മറ്റുള്ള ആളുകളിലേയ്ക്കോ രോഗം പകര്‍ന്നിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി...
കഴിഞ്ഞയാഴ്ച സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ വെയ്ബ്രിഡ്ജിലെ ഒരു ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂച്ച കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ചീഫ് വെറ്ററിനറി ഓഫീസറായ ക്രിസ്റ്റീന്‍ മിഡില്‍മിസ് പറഞ്ഞു. മൃഗങ്ങളിലും രോഗം സ്ഥിരീകരിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്നും കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും മിഡില്‍മിസ് വ്യക്തമാക്കി.
അതേ സമയം മൃഗങ്ങളിലേക്ക് രോഗം പടരുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും നേരിയ ലക്ഷണങ്ങള്‍ കാണിക്കുന്ന ഇവ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുഖംപ്രാപിക്കുമെന്നും ക്രിസ്റ്റന്‍ മിഡില്‍മിസ് പറഞ്ഞു.
Also read: സംസ്ഥാനത്ത് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, രോഗമുക്തി 745 പേർക്ക് രോഗമുക്തി
ലോകത്ത് ഇതാദ്യമായല്ല മൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. യുഎസില്‍ ബ്രോണ്‍സ് മൃഗശാലയിലെ ഒരു കടുവയില്‍ ഏപ്രിലിലും ന്യുയോര്‍ക്കില്‍ രണ്ടു പൂച്ചകളിലും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
മനുഷ്യരുമായി അടുത്തിടപഴകാത്ത മൃഗങ്ങളില്‍ കോവിഡ് പിടിപെടുന്നില്ലെന്നും, വളര്‍ത്തു മൃഗങ്ങളാണ് കൂടുതലും ഭീഷണി നേരിടുന്നതെന്നുമാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതേസമയം, വളര്‍ത്തു മൃഗങ്ങളില്‍ രോഗം പിടിപെടുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.