ദുബായ്: കൊവിഡ് ആർടിപിസിആർ പരിശോധനയ്ക്കായി (RTPCR Test) ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ലാബ് തയ്യാറാക്കുന്നു. ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് വിമാനത്താവളത്തിൽ വച്ച് തന്നെ പരിശോധന നടത്തുകയാണ് ലക്ഷ്യം. ദിവസം ഒരു ലക്ഷം സാമ്പിളുകൾ വരെ പരിശോധിക്കാൻ ശേഷിയുള്ളതാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Dubai International Airport) പുതിയ ലാബെന്ന് അധികൃതർ വ്യക്തമാക്കി.
20,000 ചതുരശ്ര അടി വിസ്തീർണമുള്ള ലബോറട്ടറിയിൽ 24 മണിക്കൂറും പരിശോധനകൾ നടത്താനുള്ള സംവിധാനം ഒരുക്കും. ഏതാനും മണിക്കൂറുകൾക്കകം പരിശോധന ഫലം ലഭ്യമാകും. അന്താരാഷ്ട്ര യാത്ര ഹബ്ബ് എന്ന നിലയിൽ വരും ദിവസങ്ങളിൽ ദുബായ് വിമാനത്താവളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ജനത്തിരക്ക് കണക്കിലെടുത്താണ് പരിശോധന സൗകര്യം ഒരുക്കുന്നതെന്ന് ദുബായ് എയർപോർട്ട്സ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.
ഏറ്റവും എളുപ്പത്തിൽ സുരക്ഷിതമായി വിവരങ്ങൾ അധികൃതരിലേക്കും വിമാനക്കമ്പനികൾക്കും എത്തിക്കാനാകും. പോസിറ്റീവ്, നെഗറ്റീവ് പ്രഷർ റൂമുകൾക്കൊപ്പം പരിശോധന ഫലങ്ങൾ (Test Result) സർക്കാർ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ടാകും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിന് സമീപമാണ് ലാബ് തുറക്കുന്നത്. ഏറ്റവും നൂതന കൊവിഡ് ആർടിപിസിആർ പരിശോധനാ ഉപകരണങ്ങളാണ് ഉപയോഗിക്കുക.
ദുബായ് എയർപോർട്ട്, ഹെൽത്ത് അതോറിറ്റി, ലാബ് ഓപ്പറേറ്റർ പ്യുവർ ഹെൽത്ത് എന്നിവ സഹകരിച്ചാണ് ലാബ് പ്രവർത്തിക്കുക. വ്യോമഗതാഗതം സാധാരണ നിലയിലാകുന്നതിന് മുന്നോടിയായാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന നിലയിൽ വേനൽക്കാല അവധിയും അടുത്തെത്തിയതോടെ തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. യാത്ര സുഗമവും സുരക്ഷിതവുമാക്കാനാണ് തയ്യാറെടുപ്പുകളെന്ന് അധികൃതർ (Authority) വ്യക്തമാക്കി.
15 മാസത്തോളമായി ഭാഗികമായി മാത്രം പ്രവർത്തിക്കുകയായിരുന്നു ദുബായ് വിമാനത്താവളം ടെർമിനൽ വൺ. ബുധനാഴ്ച പൂർണതോതിൽ തുറന്ന് പ്രവർത്തിക്കും. കൊവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയ സാഹചര്യത്തിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...