റഷ്യ- യുക്രൈൻ യുദ്ധത്തിന് ശേഷം യുക്രൈയിനിൽ നിന്ന് പുറപ്പെട്ട ആദ്യ ധാന്യക്കപ്പൽ തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കിൽ എത്തിയതായി റിപ്പോർട്ട്. അധിനിവേശം ആരംഭിച്ചതു മുതൽ കരിങ്കടൽ വഴിയുള്ള കപ്പൽഗതാഗതം റഷ്യ തടഞ്ഞിരിന്നു. ഇതിന് പിന്നാലെ തുർക്കിയും ഐക്യരാഷ്ട്ര സംഘടനയും ഇടപെട്ട് റഷ്യയുമായി നയതന്ത്രചർച്ചകൾ നടത്തിയതാണ് കപ്പലിന് വഴിയൊരുക്കിയിരുന്നത്.
റസോണി എന്ന ചരക്കുകപ്പലാണ് ലെബനനിലേക്കുള്ള 26,000 ടൺ ധാന്യവുമായി തുർക്കി സമുദ്രത്തിലെത്തിയിരിക്കുന്നത്. പരിശോധനകൾക്ക് ശേഷം കപ്പൽ ലെബനനിലേക്കുള്ള യാത്ര തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുക്രൈനിൽ നിന്ന് ധാന്യനീക്കം തടസ്സപ്പെട്ടതോടെ പല രാജ്യങ്ങളിലും ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. ഒഡേസ കൂടാതെ ചോർനോമോർസ്ക്, പിവിഡെനി എന്നിവിടങ്ങളിൽനിന്നും കപ്പലുകൾക്ക് യാത്രാനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം ധാന്യ കയറ്റുമതി വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചെത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി വ്യക്തമാക്കിയിരുന്നു. റസോണി തുറമുഖം വിട്ടത് ലോകത്തിന് ആശ്വാസത്തിന്റെ ദിനം സമ്മാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇനിയും കപ്പലുകൾ ഇതുവഴി പോകാനനുവദിക്കുമെന്ന് തുർക്കിയും ഉറപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.