റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. പുടിനും റഷ്യൻ ഉദ്യോഗസ്ഥയായ മരിയ അലക്സെയേവ്ന എൽവോവ-ബെലോവയ്‌ക്കുമെതിരെ വെള്ളിയാഴ്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുക്രൈനിൽ നിന്ന് കുട്ടികളെ റഷ്യയിലേക്ക് കടത്തിയെന്ന് ആരോപിച്ചാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടി.
നെതർലന്റ്സിലെ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി, ഒരു വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ യുക്രൈനിൽ റഷ്യൻ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങളുടെ ഉത്തരവാദിത്തം റഷ്യൻ പ്രസിഡന്റ് പുടിനാണെന്ന് ആരോപിച്ചു. യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് റഷ്യയിലേക്ക് കുട്ടികളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിൽ പുടിൻ യുദ്ധക്കുറ്റവാളിയാണെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസ്താവനയിൽ പറഞ്ഞു.
ALSO READ: Russia-Ukraine war: യുക്രൈൻ നഗരങ്ങളിൽ മിസൈലാക്രമണം; മൂന്നാം ലോകയുദ്ധ മുന്നറിയിപ്പുമായി റഷ്യ
സമാനമായ ആരോപണങ്ങളിൽ റഷ്യയിലെ പ്രസിഡന്റിന്റെ ഓഫീസിലെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കമ്മീഷണറായ മരിയ അലക്സെയേവ്ന എൽവോവ-ബെലോവയെ അറസ്റ്റ് ചെയ്യാൻ വാറന്റ് പുറപ്പെടുവിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടി അംഗീകരിക്കില്ലെന്നാണ് റഷ്യയുടെ നിലപാട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രൈൻ ആക്രമിച്ചതുമുതൽ റഷ്യ അതിക്രമങ്ങൾ നടത്തിയിട്ടില്ലെന്നാണ് റഷ്യുടെ വാദം. യുക്രൈനിൽ റഷ്യ വ്യാപകമായ യുദ്ധക്കുറ്റങ്ങൾ നടത്തിയെന്ന് യുഎൻ പിന്തുണയുള്ള അന്വേഷണം ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് റഷ്യൻ പ്രസിഡന്റിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരം റഷ്യ അംഗീകരിക്കാത്തതിനാൽ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ കൈമാറ്റം വെല്ലുവിളിയായി മാറുമെന്ന് ഡിഡബ്ല്യു ന്യൂസ് റിപ്പോർട്ട് ചെയ്തു.
സിവിലിയന്മാരെ ബോധപൂർവം ആക്രമിച്ചുവെന്ന ആരോപണങ്ങൾ റഷ്യ നിഷേധിച്ചു. എന്നാൽ, യുക്രൈന്റെ ഊർജ മേഖലയെ ലക്ഷ്യമിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2000-ൽ റഷ്യ ഐസിസിയുമായി ബന്ധപ്പെട്ട ചട്ടത്തിൽ ഒപ്പുവെച്ചെങ്കിലും അംഗമാകാനുള്ള കരാർ ഒരിക്കലും അംഗീകരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...