മലേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. അൻവർ ഇബ്രാഹിം പ്രധാനമന്ത്രിയായി അധികാരമേറ്റു. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ രാജാവ് നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രിയുടെ നിയമനം. സർക്കാർ രൂപീകരിക്കാൻ ഏതൊക്കെ പാർട്ടികളാണ് ധാരണയിലെത്തിയതെന്നു വ്യക്തമായിട്ടില്ല.
പൊതുതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായിരുന്നു. ഒടുവിൽ രാജാവ് സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ അൻവർ ഇബ്രാഹിമിനെ പ്രധാനമന്ത്രിയായി നിയമിച്ച് രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കണ്ടത്. പ്രതിസന്ധികളിൽ നിന്ന് മലേഷ്യയെ കരകയറ്റുകയെന്ന വെല്ലുവിളിയാണ് അൻവർ ഇബ്രാഹിമിനു മുന്നിലുള്ളത്.
മുൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസിൻ നേതൃത്വം നൽകുന്ന ദേശീയ സഖ്യം 72 സീറ്റ് നേടി. 2 പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ മുഹിയുദ്ദീൻ യാസിൻ അധികാരത്തിലേറുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. യുഎംഎൻഒ ഉൾപ്പെട്ട മുൻപ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കൂബിന്റെ ബാരിസാൻ നാഷനൽ സഖ്യത്തിനു 30 സീറ്റു മാത്രമാണ് നേടാനായത്. പുതിയ ഐക്യസർക്കാരിനു പിന്തുണ പ്രഖ്യാപിക്കാനുള്ള ഈ സഖ്യത്തിന്റെ നീക്കം അപ്രതീക്ഷിതമാണ്. ഏതൊക്കെ പാർട്ടികളാണ് സർക്കാർ രൂപീകരണത്തിന് ധാരണയിലെത്തിയതെന്ന ചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല.
യുണൈറ്റഡ് മലായ് നാഷനൽ ഓർഗനൈസേഷൻ (യുഎംഎൻഒ) ഐക്യസർക്കാരിനു പിന്തുണ അറിയിച്ചിട്ടുണ്ട്. 222 അംഗ പാർലമെന്റിലേക്ക് 19ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട 3 മുന്നണികൾക്കും ഭൂരിപക്ഷം ലഭിച്ചില്ല. അതേസമയം ഹാരപൻ മുന്നണി 82 സീറ്റ് നേടി മുന്നിലെത്തി. മഹാതീർ മുഹമ്മദിന്റെ അനുയായി എന്ന നിലയിലാണ് അൻവർ ഇബ്രാഹിം രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചത്.
ഉപപ്രധാനമന്ത്രിയായിരിക്കെ 1999 ൽ പുറത്താക്കപ്പെടുകയും അഴിമതിയും സ്വവർഗ ലൈംഗിക പീഡനക്കുറ്റവും ആരോപിക്കപ്പെട്ടു ജയിലിലാവുകയും ചെയ്തു. രണ്ടു ദശാബ്ദത്തോളം ജയിലിലും പുറത്തുമായിട്ടായിരുന്നു ജീവിതം. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനും വിലക്കുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...