ബീജിംഗ്: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്നത് ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ നടന്ന കൈയേറ്റമായിരുന്നുവന്നും സ്ഥലത്ത് വെടിവെപ്പ് നടന്നിട്ടില്ല എന്നും പ്രമുഖ ചൈനീസ് ദിനപത്രം Global Times റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 5 ചൈനീസ് സൈനികര്‍ മരിച്ചതായും കൂടാതെ 11 സൈനികര്‍ക്ക് പരിക്കേറ്റതായും Global Times റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വാര്‍ത്ത ചൈന ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചൈനയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് Global Times.
അതിര്‍ത്തിയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിടെ ഗാല്‍വന്‍ വാനിയില് ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ കമാന്‍ഡി൦ഗ് ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും ജീവന് നഷ്ടപ്പെട്ടു. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.
അതേസമയം, സംഘര്‍ഷം നടന്ന മേഖലയില്‍ രണ്ടു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഉന്നതതല യോഗം നടക്കുകയാണ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ CDS ബിപിന്‍ റാവത് , സൈനിക മേധാവികള്‍, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീര്‍ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായിരിക്കുന്നത്. സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ തുടരും എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.