ലോസ് ഏഞ്ചൽസ്: ആശങ്കയുണർത്തി ഏറ്റവും പുതിയ ഒമിക്രോൺ സബ് വേരിയന്റ്, BA.5, യുഎസിൽ വ്യാപിക്കുന്നു. കോവിഡ് വാക്സിനുകളെ പ്രതിരോധിക്കാൻ മറ്റ് ഒമിക്രോൺ വേരിയന്റുകളെ അപേക്ഷിച്ച് നാലിരട്ടി ശേഷി കൂടുതലാണ് ഒമിക്രോൺ BA.5 വേരിയന്റിന് എന്നതും ആശങ്ക വർധിപ്പിക്കുകയാണ്. BA.5 വേരിയന്റിന് മറ്റ് കോവിഡ് വേരിയന്റുകളെയും ഒമിക്രോൺ വകഭേദങ്ങളെയും അപേക്ഷിച്ച് നാലിരട്ടി ശേഷി കൂടുതലാണ് നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഫൈസർ, മോഡേണ എന്നിവയുൾപ്പെടെയുള്ള കോവിഡ് വാക്സിനുകളോട് ഒമിക്രോണിന്റെ മുൻ വേരിയന്റുകൾക്ക് ഉണ്ടായിരുന്നതിനേക്കാൾ നാലിരട്ടി പ്രതിരോധ ശേഷി പുതിയ വേരിയന്റിന് ഉണ്ടെന്ന് പഠനം കണ്ടെത്തിയതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഒമിക്രോൺ BA.5 വേരിയന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും ഐസിയു സഹായം ആവശ്യമായി വരുന്നവരുടെയും എണ്ണം വർധിപ്പിക്കുമെന്നും മയോ ക്ലിനിക്ക് പുറത്ത് വിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎസ് സെന്റർസ് ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂലൈ ഒമ്പത് വരെയുള്ള ആ ആഴ്ചയിൽ യുഎസിലെ കോവിഡ് കേസുകളിൽ 65 ശതമാനവും BA.5 വേരിയന്റുകളായിരുന്നു. വാക്സിനേഷൻ എടുക്കാത്ത ആളുകൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത വാക്സിനേഷൻ എടുത്തവരേക്കാൾ അഞ്ചിരട്ടി കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത വാക്സിനേഷൻ എടുക്കാത്ത ആളുകൾക്ക് 7.5 മടങ്ങ് കൂടുതലാണ്. മരണ സാധ്യത 14 മുതൽ 15 മടങ്ങ് വരെ കൂടുതലാണെന്നും മയോ ക്ലിനിക്കിന്റെ വാക്സിൻ റിസർച്ച് ഗ്രൂപ്പ് തലവൻ ഗ്രിഗറി പോളണ്ട് പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 20,044 പുതിയ കോവിഡ് കേസുകൾ
ന്യൂഡൽഹി: ഇന്ത്യയിൽ 20,044 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 56 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ആകെ കോവിഡ് മരണസംഖ്യ 5,25,660 ആയി ഉയർന്നു. സജീവ കേസുകൾ 1,40,760 ആണ്. 18,301 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗം ഭേദമായവരുടെ ആകെ എണ്ണം 4,30,63,651 ആയി ഉയർന്നു. മരണനിരക്ക് 1.20 ശതമാനമാണ്.
സജീവമായ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 1,687 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ കോവിഡ് ബാധിതരുടെ 0.32 ശതമാനം സജീവ കോവിഡ് കേസുകളാണെന്നും ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.48 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കൊവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ കോവിഡ് ഡോസുകൾ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് 199.71 കോടി കവിഞ്ഞു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.80 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.40 ശതമാനവുമാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ 27 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ 10 പേർ മരിച്ചു. പശ്ചിമ ബംഗാളിൽ അഞ്ച് പേർ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ അസം, ബിഹാർ, കർണാടക, പഞ്ചാബ്, സിക്കിം, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് മരണ നിരക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...