ന്യൂ ഡൽഹി : റഷ്യൻ അധിനിവേശത്തിനുള്ള സാഹചര്യം വർധിക്കുന്ന പശ്ചാത്തലത്തിൽ ഉക്രെയിൻ വിടാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഉക്രെയിനുള്ള ഇന്ത്യൻ പൗരന്മാരും എല്ലാ വിദ്യാർഥികളും എത്രയും വേഗം രാജ്യം വിടണമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നിർദേശം നൽകുന്നത്. നേരത്തെ ഇരു രാഷ്ട്രങ്ങൾക്കിടിയിൽ യുദ്ധ സാഹചര്യം ഉടലെടുക്കുന്നു എന്ന അമേരിക്കയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം രാജ്യം വിടാൻ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർഥികൾക്കും നിർദേശം നൽകിയിരുന്നു. താൽക്കാലികമായി ഉക്രെയിനിൽ നിന്ന് വിട്ട് മാറി നിൽക്കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ലഭിക്കുന്ന യാത്ര വിമാനങ്ങളിലും ചാർട്ടേർഡ് വിമാനങ്ങളിലും കയറി ഉക്രെയിനിൽ നിന്ന് പുറത്ത് കടക്കുകയെന്നാണ് കേന്ദ്രം എംബസി വഴി അറിയിച്ചിരിക്കുന്നത്. എംബസി ജീവനക്കാരെയും ഉക്രെയിനിൽ നിന്ന് ഉടൻ പിൻവലിച്ചേക്കും. ഇന്ത്യക്ക് പുറമെ ജർമനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളും അവരുടെ പൗരന്മാരോട് ഉക്രെയിൻ വിടാൻ നിർദേശം നൽകിട്ടുണ്ട്.
അതേസമയം ഉക്രെയിൻ, റഷ്യ, ബലാറസ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം വീണ്ടും ഗുരുതരമാകുകയാണ്. കഴിഞ്ഞ ഞായറാഴ്ച എല്ലാം സമാപിച്ചു എന്ന് റഷ്യ അറിയിച്ച സൈനിക അഭ്യാസം വീണ്ടും തുടർന്നിരിക്കുകയാണ്. ഉക്രെയിനിന്റെ മൂന്ന് ഭാഗങ്ങളും ഒന്നര ലക്ഷത്തോളം സൈനികരും യുദ്ധവിമാനങ്ങളും മറ്റ് ഉപകരണങ്ങൾ കൊണ്ട് ചുറ്റിയിരിക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഉക്രെയിനും റഷ്യൻ പിൻബലത്തിൽ പ്രവർത്തിക്കുന്ന വിമതരുമായിട്ടുള്ള ഏറ്റുമുട്ടലിൽ രണ്ട് ഉക്രെനിയൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതെ തുടർന്ന് ഉക്രെയിന്റെ കിഴക്കൻ ഭാഗത്ത് നിരവധി പേരെ ഒഴിപ്പിക്കുകയും ചെയ്തു.
അതേസമയം പ്രശ്നം രൂക്ഷമാകുന്നതിനിടെ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യയെ ചർച്ചയ്ക്ക് ഉക്രെയിൻ വിളിച്ചു. പ്രശ്നം പരിഹരിക്കാൻ ഒരു സ്ഥലം കണ്ടെത്തി ചർച്ച നടത്താമെന്ന് ഉക്രെയിൻ പ്രസിഡന്റെ മ്യൂണിച്ച് സെക്യുരിറ്റി കോൺഫ്രൻസിൽ വെച്ച് പറഞ്ഞു. എന്നാൽ ഉക്രെയിന്റെ ഈ ആവശ്യത്തിന് റഷ്യ ഇതുവരെ മറുപടി നൽകിട്ടില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.