ഗുരുവായൂർ: കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. അഷ്ടമിരോഹിണി ആഘോഷങ്ങൾക്കായി 35,80,800 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി. ചുറ്റുവിളക്ക്, കാഴ്ചശീവേലി എന്നിവയ്ക്കായി 6,80,000 രൂപയാണ് വകയിരുത്തിയത്. പ്രസാദ ഊട്ടിന് മാത്രമായി 25,55,000 രൂപ വകയിരുത്തി.
ഇതിന് പുറമെ പ്രസാദ ഊട്ട് പ്രത്യേക വിഭവങ്ങൾക്ക് മാത്രമായി 2,07,500 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി നൽകാനും ഭരണസമിതി അനുമതി നൽകി. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും പ്രസാദ ഊട്ട് നൽകും. ഏകദേശം കാൽ ലക്ഷത്തോളം ഭക്തജനങ്ങളെയാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.
ഗുരുവായൂരപ്പന് നിവേദിച്ച പാൽ പായസം ഉൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പൈനാപ്പിൾ പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പുളി ഇഞ്ചി, പപ്പടം, മോര്, പാൽപായസം എന്നിവയാണ് പ്രസാദ ഊട്ടിലെ വിഭവങ്ങൾ. പ്രസാദ ഊട്ട് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.
ALSO READ: രോഗങ്ങൾ നിങ്ങളെ അലട്ടുന്നോ? അടുക്കളയുമായി ബന്ധപ്പെട്ട ഈ വാസ്തുശാസ്ത്രം കൃത്യമായി പാലിക്കൂ
ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസാദ ഊട്ടിനുള്ള വരി അവസാനിപ്പിക്കും. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് പ്രസാദ ഊട്ട് നടത്തുക. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന്റെ വടക്കുഭാഗത്ത് ഒരുക്കും.
തെക്കേ നടയിലെ പ്രസാദ ഊട്ട് കേന്ദ്രമായ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലേക്കുള്ള ക്യൂ പട്ടര്കുളത്തിന് വടക്കും തെക്കും ഭാഗത്ത് ഒരുക്കും. പ്രസാദ ഊട്ട് വിളമ്പാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ നൂറ് പ്രഫഷണൽ വിളമ്പുകാരെയും നിയോഗിക്കും. അഷ്ടമി രോഹിണിയുടെ പ്രധാന വഴിപാടായ അപ്പം തയ്യാറാക്കുന്നതിന് 7.25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഭക്തർക്ക് 35 രൂപക്ക് അപ്പം ശീട്ടാക്കാം. ഒരാൾക്ക് പരമാവധി 525 രൂപയുടെ ശീട്ട് മാത്രമാണ് നൽകുക. പൊതുവരി നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിന് ദേവസ്വം ഭരണസമിതി മുൻഗണന നൽകും. നിർമ്മാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ വിടും. പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടിപ്രദക്ഷിണം എന്നിവ ഒഴിവാക്കും.
ALSO READ: രക്ഷാബന്ധൻ ദിനത്തിൽ ലക്ഷ്മീദേവിയെ പൂജിക്കാം; സമ്പത്തും ഐശ്വര്യവും നിങ്ങളുടെ വീട്ടിലേക്കെത്തും
വി.ഐ.പി ദർശനങ്ങൾക്ക് രാവിലെ ആറ് മണി മുതൽ നിയന്ത്രണം ഉണ്ടാകും. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ നാലര മുതൽ അഞ്ചര വരെയും വൈകിട്ട് അഞ്ച് മുതൽ ആറ് വരെയും മാത്രമാകും. തദ്ദേശീയർക്ക് നിലവിൽ അനുവദിക്കപ്പെട്ട സമയത്ത് ദർശനം നടത്താം. ബാക്കിയുള്ള സമയത്ത് ക്ഷേത്ര ദർശനത്തിന് പൊതുവരി സംവിധാനം മാത്രം നടപ്പിലാക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം ഉണ്ടാകും.
രാവിലെയും ഉച്ചയ്ക്കും കാഴ്ച ശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മേളം അകമ്പടി ഉണ്ടാകും. ഉച്ചയ്ക്കും രാത്രി വിളക്കിനും വിശേഷാൽ പഞ്ചവാദ്യത്തിന് തിമിലയിൽ വൈക്കം ചന്ദ്രൻ മാരാരും സംഘവും മദ്ദളത്തിൽ കുനിശ്ശേരി ചന്ദ്രനും സംഘവും, ഇടയ്ക്കയിൽ കടവല്ലൂർ രാജു മാരാരും, കൊമ്പിൽ മച്ചാട് കണ്ണനും സംഘവും, ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടിയും സംഘവും അണിനിരക്കും. ഗുരുവായൂർ ശശിമാരാരും സംഘവും സന്ധ്യാ തായമ്പക ഒരുക്കും. രാത്രി വിളക്കിന് വിശേഷാൽ ഇടയ്ക്ക, നാഗസ്വരം പ്രദക്ഷിണം ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.