കാലിഫോണിയ: രാഷ്ട്രീയ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാനൊരുങ്ങി മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ. രണ്ട് വർഷമായി നിലനിൽക്കുന്ന നിയന്ത്രണം നീക്കുന്നതായി ട്വിറ്ററിന്റെ സേഫ്റ്റി അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ട്വിറ്ററിന്റെ പരസ്യ നയങ്ങളിൽ മാറ്റ൦ വരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കം ചെയ്യും എന്നാണ് ട്വിറ്റർ അറിയിച്ചത്.
രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള പെർമിറ്റ് പുനഃസ്ഥാപിക്കുമെന്ന് അറിയിച്ച ട്വിറ്റർ, ട്വിറ്റർ ഉപഭോക്താക്കളുടെ സ്വകാര്യത മാനിക്കുമെന്നും അറിയിച്ചു. 2019 ലെ തെരഞ്ഞെടുപ്പിനിടെ വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. രാഷ്ട്രീയത്തിൽ പരസ്യങ്ങൾ സ്വയം നേടണമെന്നും അത് പണം കൊടുത്ത് നേടേണ്ടതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്നത്തെ സിഇഒയായിരുന്ന ജാക്ക് ഡോർസി ട്വിറ്ററിലെ രാഷ്ട്രീയ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
ഇതിനിടെ, ട്വിറ്റർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പരസ്യ വിലക്ക് പിൻവലിക്കാൻ കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രതിഷേധത്തെ തുടർന്ന് ഫേസ് ബുക്കും രാഷ്ട്രീയ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിരുന്നു. ട്വിറ്റർ ഏറ്റെടുത്ത ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇലോൺ മസ്‌ക്. ഏകദേശം 200 മില്യൺ ഡോളറാണ് കഴിഞ്ഞ വർഷം അവസാനത്തോടെ ഇലോൺ മസ്കിനു തന്റെ ആസ്തിയിൽ നിന്നും നഷ്ടമായത്. ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ഓഹരികൾക്ക് 65% ഇടിവ് നേരിടേണ്ടി വന്നതും മസ്‌കിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
44 ബില്യൺ ഡോളർ ചെലവഴിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്റർ ഏറ്റെടുത്ത മസ്‌ക് ദിവസങ്ങൾക്ക് ശേഷ൦ ടെസ്‌ലയുടെ 19.5 മില്യൺ ഓഹരികൾ വിറ്റതായി അറിയിച്ചിരുന്നു. വൻ തോതിൽ നിക്ഷേപം നടത്തിയാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. ഇതാണ് ടെസ്‌ലയുടെ ഓഹരി മൂല്യമിടിയാൻ കാരണമെന്നാണ് വിലയിരുത്തൽ. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്ക് നടത്തിയ പരിഷ്കാരങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവച്ചു. ജീവനക്കാരുടെ പിരിച്ചു വിടലും ട്രംപിന്റെ അക്കൌണ്ട് പുന:സ്ഥാപിക്കാൻ തീരുമാനിച്ചതും മാധ്യമ സ്ഥാപനങ്ങളുടെ അക്കൌണ്ടുകൾ സസ്പെൻസ് ചെയ്തതും എല്ലാം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...