കണ്ണൂർ: കണ്ണൂരിൽ വീണ്ടും വൻ മയക്കു മരുന്ന് വേട്ട, എൽ.എസ്.ഡി, ബ്രൌൺ ഷുഗർ, എം.ഡി.എം.എ, ലഹരി ഗുളിക എന്നിവയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ലഹരി കടത്തു കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിനെത്തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
കണ്ണൂർ പടന്നപ്പാലത്തെ കടമുറിക്കുള്ളിൽ നിന്ന് 3. 4 ഗ്രാം എൽ എസ് ഡി, 18.5 ഗ്രാം ബ്രൗൺ ഷുഗർ, 39 ഗ്രാം ലഹരി ഗുളിക, എം.ഡി.എം.എ എന്നിവയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ലഹരി കടത്തു കേസിൽ പിടിയിലായ മുഴപ്പിലങ്ങാട് സ്വദേശിനി ബൽക്കിസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു കടമുറിയുടെ താക്കോൽ കണ്ടെടുത്തിരുന്നു. തൊട്ട് പിന്നാലെ പ്രതികളെ ചോദ്യം ചെയ്തു. ലഹരിക്കടത്ത് കേസിലെ മുഖ്യ കണ്ണിയായ ജനീസിന്റെ നേതൃത്വത്തിൽ പടന്നപ്പാലത്ത് ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന് മൊഴി ലഭിക്കുകയും ചെയ്തു. തുടർന്ന് കടമുറിയിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
Also Read: കഞ്ചാവ് കടത്ത്; ഒരു കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ!
കേസിലെ പ്രധാന പ്രതികളായ ജനീസിനും നിസാമിനും വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പിടിയിലായ മുഴപ്പിലങ്ങാട് സ്വദേശികളായ ബൽകിസ് ഭർത്താവ് അഫ്സൽ എന്നിവർക്കെതിരെ വീണ്ടും കേസ് എടുത്തിട്ടുണ്ട്.
അതേസമയം ലഹരിക്കടത്ത് കേസിൽ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.