തിരുവനന്തപുരം: തമിഴ്നാട് കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം ആഴിമലയിൽ നിന്ന് കാണാതായ കിരണിന്റേത് ആണെന്ന് സംശയം. മൃതദേഹത്തിന് കിരണുമായി സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛൻ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്. മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ചരടും കിരണിന്റെ കൈയിൽ ഉണ്ടയായിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛൻ മധു പറഞ്ഞിരുന്നു . എന്നാൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം കിരണ്‍ ആത്മഹത്യ ചെയ്യില്ലെന്നും അപായപ്പെടുത്തിയത് ആണെന്നും പിതാവ് പറഞ്ഞു. കൂടാതെ വെള്ളം പേടിയുള്ള കിരണ്‍ കടലില്‍ ചാടില്ലെന്നും കാണാതായ സ്ഥലം പരിശോധിക്കുമ്പോള്‍ കാല്‍ വഴുതി വീണതാവാനും സാധ്യതയില്ലെന്നുമാണ് കിരണിന്റെ പിതാവ് പറയുന്നത്. തിരുവനന്തപുരത്ത് പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് സുഹൃത്തുക്കളാണ് ആദ്യം പരാതി നൽകിയത്. തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
നരുവാമൂട് സ്വദേശിയായ യുവാവ് ശനിയാഴ്ച വൈകിട്ടാണ് പെൺസുഹൃത്തിനെ കാണാൻ വിഴിഞ്ഞത് എത്തിയത്. വിഴിഞ്ഞ സ്വദേശിനിയാണ് യുവാവിന്റെ പെൺസുഹൃത്ത്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. യുവാവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. യുവാവും സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ മൂവരെയും പെൺകുട്ടിയുടെ ബന്ധുക്കൾ കാറിലും ബൈക്കിലുമായി കയറ്റി കൊണ്ട് പോയതായി യുവാവിന്റെ സുഹൃത്തുക്കൾ പറയുന്നുണ്ട്. തുടർന്ന് കിരണിനെ കാണാതെ ആവുകയായിരുന്നു.
പെണ്സുഹൃത്തിനെ കണ്ട് മടങ്ങുന്ന വഴിയിൽ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും ചേർന്ന് പിന്തുടർന്ന് എത്തിയിരുന്നു. തുടർന്ന് മൂവരെയും കാറിലും ബൈക്കിലുമായി കൂട്ടികൊണ്ട് പോകുകയായിരുന്നു. കിരൺ ബൈക്കിലായിരുന്നു കയറിയത്. എന്നാൽ ഇയാൾ ബൈക്കിൽ നിന്ന് ഇറങ്ങിയോടിയെന്ന് പെണ്കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞതായിയാണ് കിരണിന്റെ സുഹൃത്തുക്കൾ പറയുന്നത്.
ഇത് സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ബൈക്കിൽ നിന്ന് ഇറങ്ങിയ കിരൺ കടൽ തീരത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഒരു വർഷം മുമ്പാണ് കിരണും പെൺകുട്ടിയും ഫേസ്‌ബുക്ക് വഴി പരിചയപ്പെടുന്നത്. എന്നാൽ ഇടയ്ക്ക് കിരണിന്റെ ഫോൺ നമ്പർ പെൺകുട്ടി ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...