തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെയുള്ള കൂടുതൽ തെളിവുകൾ പുറത്ത്. ഇത് സംബന്ധിച്ച കൂടുതൽ രേഖകൾ Zee Malayalam ന്യൂസിന് ലഭിച്ചു.
പരാതിക്കാരിയെ പീഡിപ്പിച്ച ദിവസം എൽദോസ് കുന്നപ്പിള്ളി കോവളം ഗസ്റ്റ് ഹൗസിൽ മുറിയെടുത്തതിന്‍റെ രേഖകളാണ് പുറത്തായത്. കോവളം ഗസ്റ്റ് ഹൗസിൽ വച്ച് തന്നെ ആക്രമിച്ചുവെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴിയിൽ പറയുന്നത്. അതേസമയം, സംഭവം നടന്ന്, എംഎൽഎയ്ക്കെതിരെ പോലീസില്‍ പരാതിയും നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് ഇതുവരെ എംഎൽഎഉഎ കണ്ടെത്താനായിട്ടില്ല. ഒളിവിൽ തുടരുന്ന എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.
യുവതിയുടെ പരാതി പ്രകാരം സെപ്റ്റംബർ 24 നാണ് എംഎൽഎ ആക്രമിക്കുന്നത്. ഇതേദിവസം എൽദോസ് കുന്നപ്പിള്ളി കോവളം ഗസ്റ്റ് ഹൗസിൽ മുറിയെടുത്തതിന്‍റെ രേഖകളാണ് ഇതിനോടകം തന്നെ പുറത്തുവന്നത്. ഗസ്റ്റ് ഹൗസിലെ 9, 10 മുറികളാണ് എൽദോസിന് അനുവദിച്ചത്. മാത്രമല്ല, ആഗസ്റ്റ് 5, 6 ദിവസങ്ങളിലും ഇവിടെ കുന്നപ്പിള്ളി താമസിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. യുവതി പരാതിയിൽ പറയുന്ന ദിവസങ്ങളും ഇതാണ്. ഇതോടെ, കേസിൽ ജാമ്യം ലഭിക്കുന്നത് അസാധ്യമാകുന്നതോടൊപ്പം കുന്നപ്പള്ളി കൂടുതൽ പ്രതിരോധത്തിലാവുകയാണ്.
പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൽദോസ് കുന്നപ്പള്ളിക്കെതിരെ ബലാത്സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസെടുക്കുന്നത്. പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. സെപ്റ്റംബർ 14 ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് മൊഴി. വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
അതിനിടെ, സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും എൽദോസ് കുന്നപ്പള്ളി എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎ കുറിച്ച് യാതൊരു വിവരവും ആർക്കുമില്ല.
അതേസമയം, പോലീസ് തെളിവെടുപ്പ് തുടരുകയാണ്. കഴിഞ്ഞദിവസം യുവതിയുടെ തിരുവനന്തപുരം പേട്ടയിലുള്ള വീട്ടിൽ നിന്ന് മദ്യക്കുപ്പികളും എംഎൽഎയുടെ വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. പെരുമ്പാവൂരിലുള്ള കുന്നപ്പള്ളിയുടെ വീട്ടിലും തെളിവെടുപ്പിന് സാധ്യതയുണ്ട്. വീട്ടിൽ വച്ചും കുന്നപ്പള്ളി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ ഇതുവരെ പോയ സ്ഥലങ്ങളായ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, പരാതിക്കാരി താമസിക്കുന്ന സ്ഥലം തുടങ്ങിയ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
സമൂഹമാധ്യമങ്ങൾ വഴി എൽദോസ് ബുദ്ധിമുട്ടിക്കുന്നുവെന്നും ആദ്യഘട്ടത്തിൽ പരാതി നൽകിയ മുൻ കോവളം എസ് എച്ച് ഒ പണം വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്നുമുള്ള രണ്ട് പുതിയ പരാതികൾ യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന് ഇതുൾപ്പെടെ കമ്മീഷണർ കൈമാറിയിട്ടുണ്ട്.
നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ച് രണ്ട് പ്രധാനപ്പെട്ട വകുപ്പുകൾ കൂടി കുന്നപ്പള്ളിക്കെതിരെ ചുമത്തിയതോടെ കോൺഗ്രസും അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലായി. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും സംഭവത്തിൽ രേഖാമൂലമുള്ള വിശദീകരണം എൽദോസ് ഇനിയും നൽകിയിട്ടുമില്ല. ബലാത്സംഗ കേസ് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതോടെ വൈകാതെ തന്നെ കോൺഗ്രസും കുന്നപ്പിള്ളിയെ കൈവിടുന്ന സാഹചര്യമാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...