കൊച്ചി: ഗാർഹിക പീഡനത്തിന്റെ (Domestic Violence) പേരിൽ മോഫിയ പര്‍വീൻ ആത്മഹത്യ (Mofia Suicide Case) ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ സിഐ (Aluva CI) സി.എല്‍ സുധീറിനെ സ്ഥലം മാറ്റി. സുധീറിനെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. ഡിഐജി തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് സ്ഥലം മാറ്റാൻ ധാരണയായത്.
സുധീറിനെ സർവീസിൽ നിന്നും സസ്‌പെന്‍ഡ് ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. അതേസമയം സിഐയെ സസ്‌പെന്‍ഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോണ്‍ഗ്രസ്. ആലുവ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തുന്നതിനിടെ പ്രതിഷേധക്കാർ സിഐയുടെ കോലം കത്തിച്ചു.
അതിനിടെ മോഫിയയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ആലുവ റൂറല്‍ എസ്.പി. അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കേസ് ഡിസംബര്‍ 27-ന് പരിഗണിക്കും.
Also Read: Mofia Suicide Case | പ്രതിഷേധം കനക്കുന്നു, സിഐ സുധീറിന്റെ കോലം കത്തിച്ച് കോൺഗ്രസ്
മോഫിയ പര്‍വീന്റെ ആത്മഹത്യയിൽ ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ബന്ധുവീട്ടില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യ വാർത്തയായതിനെ തുടർന്ന് ഇവര്‍ ഒളിവിലായിരുന്നു. ആത്മഹത്യ പ്രേരണയ്ക്കാണ് ഭർത്താവിനും, ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും എതിരെ കേസെടുത്തിരിക്കുന്നത്.
നവംബർ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിനെ (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി (Suicide Note)വച്ചിട്ടായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെ (Aluva CI) ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. എട്ട് മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...