മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് എഫ്‌ഐആർ. പ്രതികൾ ബിജെപി അനുഭവികളെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകം നടത്തിയത് വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
ഞായറാഴ്ച രാത്രി 9.45 ഓടെയാണ് മരുത റോഡിലെ വീടിന് മുന്നിൽ വച്ച് ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയത്. സ്വാന്തന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അലങ്കാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു അക്രമം. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്‌ഐആർ.
പ്രതികൾ ബിജെപി അനുഭാവികളെന്നും എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നു. അക്രമത്തിൽ ഷാജഹാന്റെ തലയ്ക്കും, ശരീരത്തിലും ഗുരുതര പരിക്കേറ്റെന്നും എഫ്‌ഐആറിലുണ്ട്. ഷാജഹാനെ ആശുപത്രിയിലെത്തിക്കും മുൻപായിരുന്നു മരണം.എന്നാൽ പ്രതികളെ കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ വരും മണികൂറുകളിൽ പുറത്തു വരുമെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
2008 ൽ കുന്നക്കാട് ആർഎസ്എസ് പ്രവർത്തകനായ ആറുച്ചാമിയെ കൊലപ്പെടുത്തിയ കേസിൽ ഷാജഹാൻ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സിപിഎം അനുഭവികളായ പ്രതികൾ മാസങ്ങൾക്ക് മുൻപാണ് ബിജെപിയിൽ ചേർന്നത്. പ്രദേശത്ത് ശ്രീകൃഷ്ണ ജയന്തി നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...