World Rose Day: ഇന്ന് ലോക റോസ് ദിനം; റോസ് ദിനം ആചരിക്കുന്നത് എന്തിനാണ്? അറിയാം ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

Cancer Patients: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് കാൻസർ

Written by - Zee Malayalam News Desk | Last Updated : Sep 22, 2022, 01:57 PM IST
  • എല്ലാ വർഷവും സെപ്റ്റംബർ 22 ലോക റോസ് ദിനമായി ആചരിക്കുന്നത് കാൻസർ പോരാളികൾക്ക് പ്രതീക്ഷ നൽകുക എന്ന ഉദ്ദേശത്തോടെയാണ്
  • കാൻസറിനെ പരാജയപ്പെടുത്താനുള്ള ധീരമായ പരിശ്രമങ്ങളെ ആദരിക്കാനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്
World Rose Day: ഇന്ന് ലോക റോസ് ദിനം; റോസ് ദിനം ആചരിക്കുന്നത് എന്തിനാണ്? അറിയാം ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

ലോക റോസ് ദിനം 2022: പ്രണയത്തിന്റെ പ്രതീകമാണ് റോസാപുഷ്പം. റോസ് ഡേ എന്ന് കേൾക്കുമ്പോൾ പ്രണയവുമായി ബന്ധപ്പെട്ട ദിനമായിരിക്കും എന്നാണ് പലരും കരുതുക. എന്നാൽ, റോസ് ഡേക്ക് പ്രണയവുമായല്ല ബന്ധം, കാൻസറുമായാണ് ബന്ധമുള്ളത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് കാൻസർ. രോഗബാധിതനായ വ്യക്തി വൈദ്യചികിത്സകളുടെയും മരുന്നുകളുടെയും പ്രക്ഷുബ്ധവും പ്രയാസകരവുമായ പ്രക്രിയയിലൂടെ കടന്നുപോകുന്ന സമയം വളരെ കഠിനമാണ്. ജീവിതത്തെ മുറുകെ പിടിക്കാനുള്ള ധീരമായ ശ്രമമാണ് ഓരോ രോഗിയും നടത്തുന്നത്. കാൻസറിനോടുള്ള പോരാട്ടം ശാരീരിക ആരോ​ഗ്യത്തെ മാത്രമല്ല, ഒരു വ്യക്തിയുടെ മാനസികാരോ​ഗ്യത്തെയും ബാധിക്കുന്നു.

എല്ലാ വർഷവും സെപ്റ്റംബർ 22 ലോക റോസ് ദിനമായി ആചരിക്കുന്നത് കാൻസർ പോരാളികൾക്ക് പ്രതീക്ഷ നൽകുക എന്ന ഉദ്ദേശത്തോടെയാണ്. കാൻസറിനെ പരാജയപ്പെടുത്താനുള്ള ധീരമായ പരിശ്രമങ്ങളെ ആദരിക്കാനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. കാൻസറിനോട് പോരാടിയ ഒരു 12 വയസുകാരിയാണ് ലോക റോസ് ദിനത്തിന് പിന്നിലുള്ളത്. കാൻസറിനോട് പോരാടിയ കാനഡക്കാരിയായ മെലിൻഡ റോസ് ആണ് ആ പന്ത്രണ്ടുകാരി. മെലിൻഡ റോസിന് അപൂർവമായ രക്താർബുദമായ അസ്കിൻ ട്യൂമർ കണ്ടെത്തി. അപൂർവ അർബുദം മെലിൻഡയുടെ ശരീരത്തെ വേദനിപ്പിച്ചെങ്കിലും മനസ്സിനെ തളർത്താനായില്ല. കാൻസറിനെതിരെയുള്ള പോരാട്ടത്തിലൂടെ ഈ കൊച്ചു പെൺകുട്ടി ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഡോക്ടർമാർ, പരിശോധനകൾക്ക് ശേഷം, അവൾക്ക് ഏതാനും ആഴ്ചകൾ മാത്രമേ ഇനി ആയുസുള്ളൂവെന്ന് വിധിയെഴുതി.

ALSO READ: World Alzheimer's Day: മാഞ്ഞുപോകുന്ന ഓർമ്മകൾ... ഇന്ന് ലോക അൽഷിമേഴ്സ് ദിനം; അൽഷിമേഴ്സിന്റെ ലക്ഷണങ്ങൾ ഇവയാണ്

എന്നാൽ, അവളുടെ പ്രസരിപ്പും ഇച്ഛാശക്തിയും അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. കീമോതെറാപ്പിയുടെ അവശതകൾക്കിടയിലും അവൾ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു. സ്കൂളിൽ പോകുന്നത് തുടർന്നു. സ്വന്തം കാര്യങ്ങളെല്ലാം തനിയെ ചെയ്തു. ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയ മെലിൻഡ റോസ് ആറ് മാസത്തോളം പോരാട്ടം തുടർന്നു. ചികിത്സാ കേന്ദ്രത്തിലായിരുന്ന സമയത്ത്, അവൾ കവിതകളും ഇ-മെയിലുകളും കത്തുകളും നൽകി മറ്റ് രോഗികളെയും മെഡിക്കൽ സ്റ്റാഫിനെയും സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. കുറച്ച് നാളുകൾക്ക് ശേഷം കാൻസ‍ർ കുഞ്ഞ് മെലിൻഡയെ കവർന്നു. എന്നാൽ, അവളുടെ ഇച്ഛാശക്തിയും ധൈര്യവും നിരവധി ആളുകളെ പ്രചോദിപ്പിച്ചു. അവളുടെ ഓർമ്മയിൽ സെപ്തംബർ 22 ലോക റോസ് ദിനമായി ആചരിക്കാൻ ആരംഭിച്ചു.

കാൻസറിനെതിരെ പോരാടാൻ ആളുകൾക്ക് പ്രതീക്ഷയും ശക്തിയും നൽകാനാണ് ലോകമെമ്പാടും റോസ് ദിനം ആചരിക്കുന്നത്. കാൻസർ രോ​ഗികളെ പരിചരിക്കുന്നവരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാൻസർ രോഗികൾക്ക് ഈ ദിവസം റോസാപ്പൂക്കളും കാർഡുകളും കത്തുകളും സമ്മാനങ്ങളും നൽകുകയും കാൻസറിനെതിരായ ഈ പോരാട്ടത്തിൽ തങ്ങൾ ഒറ്റയ്ക്കല്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. സ്‌നേഹത്തിലൂടെയും പരിചരണത്തിലൂടെയും രോഗികൾക്ക് പ്രചോദനം നൽകാനാണ് ഈ ദിവസം ആചരിക്കുന്നത്. കാൻസറിനെതിരായ പോരാട്ടത്തിൽ പലപ്പോഴും രോ​ഗി മാനസികമായും തളർന്ന് പോയേക്കാം. ഈ അവസരങ്ങളിൽ അവർക്ക് പ്രചോദനവും ധൈര്യവും ശുഭാപ്തി വിശ്വാസവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് പ്രധാനമാണ്.

ALSO READ: World Alzheimer's Day: പോഷകാഹാരങ്ങൾ കഴിക്കുന്നത് അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമോ?

അർബുദ രോ​ഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ തിരിച്ചറിയാനും ചികിത്സ തേടാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ ദിനം പ്രയോജനപ്പെടുത്തുന്നു. കാൻസറിനെ വളരെ ഭയപ്പാടോടെയാണ് എല്ലാവരും കാണുന്നത്. എന്നാൽ നേരത്തെ തിരിച്ചറിഞ്ഞാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു രോ​ഗമാണ് കാൻസർ. പലപ്പോഴും ലക്ഷണങ്ങളെ അവ​ഗണിക്കുന്നതും ഇത് സംബന്ധിച്ചുള്ള അവബോധം ഇല്ലായ്മയുമാണ് കാൻസർ രോ​ഗം തിരിച്ചറിയപ്പെടാതെ പോകാൻ കാരണം. അതിനാൽ കാൻസറിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാനും എത്രയും വേ​ഗം ചികിത്സ ആരംഭിക്കാനും വേണ്ട അവബോധം ജനങ്ങളിൽ വളർത്തുക എന്ന ഉദ്ദേശവും ലോക റോസ് ദിനത്തിന് പിന്നിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News