കുട്ടികൾക്ക് എന്തിനാണ് ആധാർ കാർഡ് എന്ന ചോദ്യവുമായി സിഎജി. 2019 മാർച്ച് വരെ ബാൽ ആധാറിനായി ചെലവാക്കിയത് 210 കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്. കുട്ടികൾക്ക് ആധാർ നൽകുന്ന കാര്യത്തിൽ പുനഃപരിശോധന ഉണ്ടാവണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടികൾ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ അവർക്ക് ആധാർ കാർഡിനായി അപേക്ഷിക്കാമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് എന്തിനാണ് ആധാർ എന്ന ചോദ്യമാണ് ഇപ്പോൾ സിഎജി ഉയർത്തിയിരിക്കുന്നത്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുക അത്ര എളുപ്പമല്ല. മാതാപിതാക്കളുടെ ബയോമെട്രിക്ക് ഉപയോഗിച്ച് കുഞ്ഞുങ്ങൾക്ക് ആധാർ കാർഡ് നൽകുന്നതിലൂടെ ഓരോ ആധാറും യുണിക്ക് ആവണമെന്ന ചട്ടം ലംഘിക്കപ്പെടുന്നുവെന്നും സിഎജി പറയുന്നു.
അഞ്ച് വയസിന് ശേഷമാണ് ആധാർ കാർഡ് എടുക്കുന്നത് എങ്കിൽ ബയോമെട്രിക് രീതിയിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കണം. ഇതിനായി കുട്ടിയുടെ വിരലുകൾ, ഐറിസ്, ഫോട്ടോ എന്നിവ ഒർജിനൽ ആധാറിലേക്ക് നിർബന്ധമായും ചേർത്തിരിക്കണം. പിന്നീട് 15 വയസ് കഴിയുമ്പോൾ ഇത് വീണ്ടും അപ്ഡേറ്റ് ചെയ്യും.
അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ ഇല്ലെങ്കിലും സേവനങ്ങൾ നിഷേധിക്കരുതെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അത് കൊണ്ട് തന്നെ കുട്ടികളുടെ ആധാർ യുണീക്ക് ആക്കാൻ പുത്തൻ വഴി തേടാനാണ് സിഎജിയുടെ നിർദേശം. ആധാറുകളുടെ ബയോമെട്രിക്ക് വിവരങ്ങളിൽ നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമേ ഡാറ്റാ മാച്ചിങ്ങിലെ തകരാറുകളും, ആധികാരികത ഉറപ്പാക്കുന്നതിലെ പ്രശ്നങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതോടെ ആധാർ വിവരങ്ങൾ സുരക്ഷിതമാണോ എന്ന ആശങ്കയാണ് ഉയർന്നു വരുന്നത്.
എന്താണ് ബാൽ ആധാർ?
അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കുള്ള തിരിച്ചറിയൽ രേഖയാണ് ബാൽ ആധാർയ നീല ആധാർ. മാതാപിതാക്കൾക്ക് കുഞ്ഞിന് വേണ്ടി ബാൽ ആധാർ കാർഡിനായി അപേക്ഷിക്കാം. മുതിർന്നവർക്ക് ആധാറിനായി അപേക്ഷിക്കുമ്പോഴുള്ള നടപടി ക്രമങ്ങൾ ഇതിനുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA