"ചാന്ദ്രയാൻ" എന്നത് സംസ്കൃത പദമാണ് ചന്ദ്രവാഹനം എന്നാണ് ഇത് അർഥമാക്കുന്നത്. 2008 ഒക്ടോബറിലാണ് ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമായ ചന്ദ്രയാൻ 1 വിക്ഷേപിക്കുന്നത്. ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്‌ത്രജ്ഞർ നാലുവർഷം പ്രവർത്തിച്ചതിൻറെ ഫലമായിരുന്നു ചന്ദ്രയാൻ 1. . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്. വലിയ വിജയമായിരുന്ന ആദ്യ മിഷനിൽ ചിലാവായത് ഏകദേശം 386 കോടി രൂപയായിരുന്നു. 2009-ൽ ഉപഗ്രവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും ചന്ദ്രനിലെ ജലത്തിൻറെ അളവ് അടക്കമുള്ള സുപ്രധാന കണ്ടെത്തലുകൾ ചന്ദ്രയാൻ-1-ൽ നിന്നും ലഭിച്ചു.
ആദ്യ മിഷൻറെ വിജയത്തിലെ ആത്മ വിശ്വാസവുമായി ആയിരുന്നു 10 വർഷങ്ങൾക്ക് ശേഷം രണ്ടാം ചാന്ദ്ര ദൗത്യം ആരംഭിക്കുന്നത്. ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 കരുതുന്നത്.3.8 ടണ്ണാണായിരുന്നു പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകുമായിരുന്നു ഇന്ത്യ. 2019 സെപ്റ്റംബർ 7-ന് പുലർച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാൻ 2 -ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടു.ഈ ദൗത്യത്തിന്റെ ചെലവ് 978 കോടി രൂപയായിരുന്നു.
ഇതിൽ ഓർബിറ്റർ, ലാൻഡർ, റോവർ, നാവിഗേഷൻ, ഗ്രൗണ്ട് സപ്പോർട്ട് നെറ്റ്‌വർക്ക് എന്നിവയ്‌ക്കായി 603 കോടി രൂപയും ജിയോ സ്റ്റേഷണറി സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് (GSLV) 375 കോടി രൂപയും ആയിരുന്നു ചെലവ്.ചക്രങ്ങൾ ഘടിപ്പിച്ച റോവർ വഴി ചന്ദ്രോപരിതലത്തിലെ പാറകളുടെയും മണ്ണിന്റേയും തത്സമയ പഠനം ചന്ദ്രജലത്തിന്റെ സ്ഥാനവും സമൃദ്ധിയും മാപ്പ് ചെയ്യുക എന്നതൊക്കെയായിരുന്നു ഇതിൻറെ ലക്ഷ്യങ്ങൾ. ഈ വിവരങ്ങൾ ചന്ദ്രയാൻ-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും. ചന്ദ്രയാൻ 1-ന്റെ വിജയത്തിനു കാരണമായ ഡോ. മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാൻ 2-നു വേണ്ടി പ്രവർത്തിച്ചത്.
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ചന്ദ്രയാൻ-3 എത്തുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം 615 കോടി രൂപ( 75 മില്യൺ ഡോളർ) ബജറ്റിലാണ് ചന്ദ്രയാൻ-3 നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻറിങ്ങ് നടത്തുക എന്നതാണ് ഇതിൻറെ ആദ്യ ലക്ഷ്യം. ചന്ദ്രന്റെ ഘടന നന്നായി മനസ്സിലാക്കാനും ഉപരിതലത്തിൽ ലഭ്യമായ രാസ, പ്രകൃതി മൂലകങ്ങൾ, മണ്ണ്, വെള്ളം മുതലായവയിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്ന ഇൻ-സൈറ്റ് ശാസ്ത്രീയ നിരീക്ഷണവും മിഷനുണ്ട്. ഇത്തവണ സോഫ്റ്റ് ലാൻറിങ്ങ് നടത്തിയാൽ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
അൽപ്പം ചരിത്രം
2003-ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആണ് ആദ്യത്തെ ചന്ദ്രയാൻ മിഷൻ പ്രഖ്യാപിച്ചത്. അദ്ദേഹത്തിൻറെ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു ഇത്. എന്നാൽ 1999 മുതൽ തന്നെ ഇത് സംബന്ധിച്ചുള്ള ആലോചനകളും ആശയങ്ങളും ചർച്ചയിൽ ഉണ്ടായിരുന്നു. എന്തായാലും വാജ്പേയിയുടെ പ്രഖ്യാപനത്തോടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് അതൊരു വലിയ മുന്നേറ്റം കൂടിയായിരുന്നു. 2008-ൽ ആയിരുന്നു ചന്ദ്രയാൻ-2 ൻറെ അംഗീകാരം നടക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ് ആണ് ഇത് ക്യാബിനെറ്റിൽ അംഗീകരിച്ചത്. ചന്ദ്രയാൻ-2 ൽ ഉണ്ടായ പ്രശ്നങ്ങൾ തീർക്കുക എന്നത് തന്നെയാണ് ചന്ദ്രയാൻ 3ൻറെ ലക്ഷ്യം. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ലോഞ്ചിങ്ങ് കൂടിയായിരിക്കും ഇതെന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...