റായ്പൂര്‍: കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ്! അതാണ് ഇപ്പോള്‍ ഛത്തീസ്ഗഢില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
NIA നിയമത്തിനെതിരെ ഛത്തീസ്ഗഢ് കോൺഗ്രസ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുകയാണ്. NIA നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ ആവശ്യം.
ബുധനാഴ്ച ഫയല്‍ ചെയ്ത സിവില്‍ സ്യൂട്ടില്‍ NIAയ്ക്ക് സംസ്ഥാന പൊലീസിന്‍റെ അധികാരപരിധിയില്‍ കടന്നു കയറാനുള്ള അവകാശം അനുവദിക്കാന്‍ കഴിയില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വ്യക്തമാക്കി.
സംസ്ഥാന പോലീസിന്‍റെ അന്വേഷണ അധികാര പരിധിയില്‍ ഇടപെടാന്‍ അനുവദിക്കുന്നതാണ് NIA ആക്ട്. പ്രസ്തുത നിയമം സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണ് എന്നാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിക്കുക.
രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് നാഷണല്‍ ഇന്‍വസ്റ്റിഗേറ്റീവ് ഏജന്‍സി സംസ്ഥാനങ്ങളുടെ പരിധിയിലുള്ള കേസില്‍ ഇടപെടുന്നതാണ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് അഡ്വക്കറ്റ ജനറല്‍ സതീഷ് വര്‍മ്മ പറഞ്ഞു.
NIA ആക്ടിനെതിരെ ആദ്യമായി സുപ്രീംകോടതിയെ സമീപിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്.
കോണ്‍ഗ്രസിന്‍റെ നേത്രുത്വതിലുള്ള യുപിഎ സര്‍ക്കാരാണ് NIA ആക്ട് 2008ല്‍ പാസാക്കുന്നത്. 2008 ലെ ഭീകരാക്രമണത്തിനുശേഷം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരം മുൻകൈയെടുത്താണ് ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും വിചാരണയിലും സംസ്ഥാന പോലീസിനെ മറികടക്കാൻ അധികാരമുള്ള ഇന്ത്യയുടെ ആദ്യത്തെ ഫെഡറൽ ഭീകരവിരുദ്ധ അന്വേഷണ ഏജൻസിക്ക് രൂപം നൽകിയത്.
2019ല്‍ അമിത് ഷാ പ്രസ്തുത ആക്ടില്‍ ഭേദഗതി വരുത്തിയിരുന്നു. NIAയ്ക്ക് സംസ്ഥാന പോലീസിന്‍റെ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങളിലുള്‍പ്പെടെ ഇടപെടാന്‍ അധികാരം നല്‍കുന്ന വിധത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ആക്ടില്‍ ഭേദഗതി വരുത്തിയത്. ഇതിനെതിരെ പാര്‍ലമെന്‍റില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഛത്തീസ്ഗഢ് NIA നിയമത്തിനെതിരെ രംഗത്ത് വന്നത്.