Biparjoy: ഗുജറാത്തിനെ ലക്ഷ്യം വെച്ച് 'ബിപോര്‍ജോയ്'; വൈകിട്ടോടെ തീരം തൊടും: ഒരുലക്ഷം പേരെ ഒഴിപ്പിച്ചു

Cyclone Biparjoy Landfall In Hours: കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 03:33 PM IST
  • ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകളില്‍നിന്ന് 74,343 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
  • നിലവില്‍ ഗുജറാത്ത് തീരത്തുനിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ബിപോര്‍ജോയ് നാല് മണിയോടെ സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാകിസ്താന്‍ തീരത്തുമായി കരതൊടുമെന്നാണ് പ്രവചനം.
Biparjoy: ഗുജറാത്തിനെ ലക്ഷ്യം വെച്ച്  'ബിപോര്‍ജോയ്'; വൈകിട്ടോടെ തീരം തൊടും: ഒരുലക്ഷം പേരെ ഒഴിപ്പിച്ചു

അഹമ്മദാബാദ്: അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലികാറ്റായ 'ബിപോര്‍ജോയ്' ഇന്നു വൈകിട്ടോടെ ​ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു വൈകീട്ട് നാലിനും അഞ്ചിനും ഇടയില്‍ ആണ് കരയോടടുക്കുക. സംസ്ഥാനത്ത് അതീവ ജാ​ഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകളില്‍നിന്ന് 74,343 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.   

നിലവില്‍ ഗുജറാത്ത് തീരത്തുനിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ബിപോര്‍ജോയ് നാല് മണിയോടെ സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാകിസ്താന്‍ തീരത്തുമായി കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 125 -135 കിലോമീറ്ററില്‍ വീശുന്ന കാറ്റ് 150 കിലോമീറ്റര്‍വരെ വേഗത്തിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച രാവിലെ മുതല്‍ സൗരാഷ്ട്ര-കച്ച് മേഖലയിൽ പല ജില്ലകളിലും ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടം സംഭവിച്ചു. കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. വരുംമണിക്കൂറിലും ഗുജറാത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ALSO READ: ബ്രിജ് ഭൂഷണിനെതിരെ 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡല്‍ഹി പോലീസ്!!

ബിപോര്‍ജോയ് കൂടുതല്‍ നാശംവിതയ്ക്കാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്ന കച്ച് ജില്ലയിലെ തീരപ്രദേശത്തുനിന്ന് മാത്രം 34,300 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജാംനഗറിലും മോര്‍ബിയിലും ഏകദേശം പതിനായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. 76 ട്രെയിന്‍ സര്‍വീസുകൾ പൂര്‍ണമായും 67 എണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

കൂടാതെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ 18 സംഘങ്ങളേയും സംസ്ഥാന ദുരന്ത നിവാരണ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 15 കപ്പലുകളും ഏഴ് വിമാനങ്ങളും ഹെലികോപ്റ്റകളും നിരവധി ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം കേരളത്തിൽ അടുത്ത 4 ദിവസം കൂടി ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 
കൂടാതെ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും സൂചനയുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിനെ കൂടാതെ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. 

ഇടിമിന്നൽ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാൻ ഇടയാകാറുണ്ട്. അതുകൊണ്ടുതന്നെ താഴെപ്പറയുന്ന മുൻകരുതൽ പൊതുജനങ്ങൾ എടുക്കേണ്ടതാണ്.    

ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. വീടുകളുടെ ജനലും വാതിലും അടച്ചിടുക.  മിന്നൽ ഉണ്ടാകുന്ന സമയത്ത് വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം ഈ സമയത്ത് വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുരുത്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വലിയ കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാൻ അനുവധിക്കരുത്. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യാതിരിക്കുന്നതാണ് അനുയോജ്യം. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ ഇരിക്കുക പുറത്തിറങ്ങരുത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News