Mahatma Gandhi statue vandalised: കര്‍മ്മഭൂമിയില്‍ ബാപ്പുവിന് അപമാനം. ചമ്പാരനിൽ സാമൂഹ്യ വിരുദ്ധര്‍ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്തു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. മഹാത്മാഗാന്ധിയുടെ കര്‍മ്മ ഭൂമി എന്നറിയപ്പെടുന്ന ചമ്പാരനിൽ (Champaran) സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്‍റെ പ്രതിമ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. ഈ പ്രതിമ മോത്തിഹാരി ഗാന്ധി സ്മാരകത്തിന് സമീപമുള്ള ചര്‍ക്ക പാര്‍ക്കില്‍ അടുത്തിടെയാണ് സ്ഥാപിച്ചത്. പ്രതിമ തകർത്തതായി കണ്ട നാട്ടുകാർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ അധികൃതര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ ജില്ലാ മജിസ്‌ട്രേറ്റ് കപിൽ അശോക് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുറ്റവാളികളെ വെറുതെ വിടില്ല എന്നും സൂചനകള്‍ ലഭിച്ചതായും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ചിലർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടുണ്ട്, ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എസ്പി ആശിഷ് കുമാര്‍ അറിയിച്ചു.
സംഭവത്തില്‍ നാട്ടുകാർക്കിടയിൽ അമർഷമുണ്ട്. സംഭവസ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിലും ജനങ്ങള്‍ ഈ അതൃപ്തി പ്രകടമാക്കി. പാർക്കിനെപ്പറ്റിയുള്ള ആശങ്ക മുന്‍പും ആളുകള്‍ അറിയിച്ചിരുന്നുവെങ്കിലും നടപടി കൈക്കൊണ്ടില്ല എന്നാണ് ആളുകള്‍ പറയുന്നത്.
ഈ സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...