ഗുജറാത്തില്‍ ആനന്ദിബെന്‍ പട്ടേലിനെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി ആലോചിക്കുന്നതായി സൂചന. ആരോഗ്യ മന്ത്രിയായ നിതിന്‍ഭായി പട്ടേലാണ് പകരക്കാരനാകാന്‍ സാധ്യത കല്പിക്കപ്പെടുന്നത്.നിലവില്‍ ഗുജറാത്ത് ആരോഗ്യ മന്ത്രിയാണ് നിതിന്‍ഭായി പട്ടേല്‍.
സംസ്ഥാനം അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഈ മാറ്റം എന്നാണ് സൂചന.
പാര്‍ട്ടിയുടെ അഭിമാനപ്രശ്നമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. ആനന്ദിബെന്നിനെ പഞ്ചാബിന്റെ ഗവര്‍ണറാക്കിയേക്കുമെന്നാണ് സൂചന. സംവരണമാവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭം ആനന്ദിബെന്നിനെ ഏറെ കുഴക്കിയിരുന്നു.
ബി.ജെ.പിയുടെ ശക്തമായ വോട്ട്ബാങ്കുകളിലൊന്നാണ് പട്ടേല്‍ സമുദായം. പട്ടേല്‍ സമരം അടിച്ചമര്‍ത്തുന്നതില്‍ ആനന്ദിബെന്‍ പരാജയപ്പെട്ടെന്നും പാര്‍ട്ടി സംസ്ഥാന യൂനിറ്റിലെ കലഹത്തിന് അടിയന്തര പരിഹാരമുണ്ടാകണമെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് മോദിയുടെ വിശ്വസ്തന് ഓം മാത്തൂര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറും ബി.ജെ.പിയും തമ്മിലുള്ള ആശയവിനിമയം കൂടുകയും തലപ്പത്ത് മാറ്റമുണ്ടാകുകയും ചെയ്യണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ,