ചാണ്ഡിഗഢ്/ ദില്ലി: ദേശീയ രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശനം 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ടതായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റമൊന്നും പ്രകടമാക്കാന്‍ ആകാതെ, ദേശീയ രാഷ്ട്രീയത്തില്‍ ആപ്പ് കിതച്ചു. ദില്ലിയിലും മറ്റ് ചില പോക്കറ്റുകളിലും മാത്രമായി അവര്‍ ഒതുങ്ങി. എന്നാലിപ്പോള്‍, പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഒരു കാര്യം വെളിപ്പെടുകയാണ്. അരവിന്ദ് കെജ്രിവാളിന് കീഴിലുള്ള വെറുമൊരു 'ദില്ലി പാര്‍ട്ടി' മാത്രമല്ല എഎപി എന്നതാണത്.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഭരണമുള്ള മൂന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടിയായിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ബിജെപിയും കോണ്‍ഗ്രസും ആണ് മറ്റ് രണ്ട് പാര്‍ട്ടികള്‍. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കൂടുതല്‍ നിസ്സഹായാവസ്ഥയിലേക്ക് പതിക്കുന്ന കോണ്‍ഗ്രസിനെയാണ് രാജ്യം കാണുന്നത്. അതുകൊണ്ട് തന്നെ, ദേശീയ രാഷ്ട്രീയത്തില്‍ ഒരു പുതു പ്രതിപക്ഷ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടി മാത്രമേ ഉള്ളൂ എന്ന് കൂടി പറയേണ്ടി വരും.
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിക്കാനുള്ള ശ്രമത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതിനായി തൃണമൂല്‍ കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുന്നു. എന്നാല്‍, ആം ആദ്മി പാര്‍ട്ടിയുടെ ഈ മുന്നേറ്റം മമതയുടെ സ്വപ്‌നങ്ങള്‍ക്കും വിഘാതം സൃഷ്ടിക്കും. ഒരു പ്രതിപക്ഷ ഐക്യം എന്ന നിലയിലേക്ക് രാഷ്ട്രീയത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പോലും ഇതോടെ സാധ്യമാകാത്ത സ്ഥിതിയാകുമോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആകെ 20 സീറ്റുകളായിരുന്നു ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിച്ചത്. 77 സീറ്റ് നേടിയ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറം, ഒടുവിൽ വിവരം ലഭിക്കുന്പോൾ ആം ആദ്മി പാര്‍ട്ടി അവരുടെ സീറ്റുകളുടെ എണ്ണം 92 ആക്കി. കോണ്‍ഗ്രസ് 18 ൽ ഒതുങ്ങി നിൽക്കുകയാണ്. ശിരോമണി അകാലിദള്‍ അപ്രസക്തമായി. കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും നവജ്യോത് സിങ് സിധുവും ഒടുവില്‍ മുഖ്യമന്ത്രിസ്ഥാനം കിട്ടിയ ചരണ്‍ജിത് സിങ് ചന്നിയും രാഷ്ട്രീയ വിസ്മൃതിയിലേക്ക് തള്ളപ്പെടുകയാണ്.
Read Also: നവജ്യോത് സിംഗ് സിദ്ദുവിനെയും മജീതിയയെയും പരാജയപ്പെടുത്തിയ ആ 'Pad Woman' ആരാണ്?
കൃത്യമായ പദ്ധതികളോടെയാണ് ആം ആദ്മി പാര്‍ട്ടി ഇത്തവണ പഞ്ചാബില്‍ കളത്തിലിറങ്ങിയത്. ആരായിരിക്കണം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് തീരുമാനിക്കാന്‍ ഒരു സര്‍വ്വേ നടത്തുകയാണ് ചെയ്തത്. നടനും കൊമേഡിയനും എംപിയും ഒക്കെയായ ഭഗ്‌വന്ത് മന്നിന്റെ പേരായിരുന്നു ജനങ്ങള്‍ തിരഞ്ഞെടുത്തത്. അതേ മന്നിനെ തന്നെ മുന്നില്‍ നിര്‍ത്തി ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബിനെ പിടിച്ചടക്കി.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നതാണ്. 100 സീറ്റുവരെ എഎപിയ്ക്ക് കിട്ടിയേക്കുമെന്നായിരുന്നു ന്യൂസ് 24- ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം. എന്തായാലും, എഎപി ഭരണത്തിലെത്തിയാല്‍ ഭരണം ദില്ലിയിലിരുന്ന് അരവിന്ദ് കെജ്രിവാള്‍ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകുമെന്ന ചര്‍ച്ചകളും നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ഏകാധിപത്യ പ്രവണതകള്‍ പലപ്പോഴും വിവാദമായിട്ടുള്ളതും ആണ്. വരുംനാളുകളില്‍ ആം ആദ്മി പാര്‍ട്ടിയിലെ ഈ പ്രശ്‌നങ്ങളും സജീവ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.