Congress Election Update: ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമെത്തി.
രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് ശേഷം അശോക് ഗെഹ്‌ലോട്ട് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയിരിയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തരായ രണ്ടു പേരാണ് നിലവില്‍ മത്സര രംഗത്തുള്ളത്. ശശി തരൂരിന്‍റെയും ദിഗ്‌വിജയ് സിംഗിന്‍റെയും സ്ഥാനാര്‍ഥിത്വം ഉറപ്പാണ്. ഇരുവരും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
Also Read: Congress Election: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കില്ല
എന്നാല്‍, നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം എത്തിയതോടെ മൂന്നാമതൊരു വ്യക്തിയുടെ രംഗ പ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങൾ ശക്തമാകുകയാണ്. കോണ്‍ഗ്രസിലെ ശക്തനായ നേതാവ് മല്ലികാർജുൻ ഖാർഗെയാണ് ആ മൂന്നാമന്‍.
വ്യാഴാഴ്ച രാത്രി വൈകി ഖാർഗെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതാണ് ഊഹങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കാരണം. ഇതോടെ പാർട്ടിയുടെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് കൂടുതല്‍ ആവേശകരമായി മാറിയിരിയ്ക്കുകയാണ്.
അതേസമയം, രാജസ്ഥാനില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ മറ്റൊരു തലത്തിലേയ്ക്ക് കടക്കുകയാണ്. സോണിയാ ഗാന്ധിയുമായി ഗെഹ്‌ലോട്ടിന്‍റെ കൂടിക്കാഴ്ച്ച കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം, സച്ചിൻ പൈലറ്റ് 10 ജൻപഥിലെത്തി. രാജസ്ഥാനിലെ സംഭവ വികാസങ്ങളെക്കുറിച്ചുള്ള തന്‍റെ വികാരങ്ങളും ഫീഡ്‌ബാക്കും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായും അവര്‍ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടിക്കാഴ്ചയ്ക്ക് ശേഷം പൈലറ്റ് പറഞ്ഞു.
രാജസ്ഥാനുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെ, മുഖ്യമന്ത്രിയെ സംബന്ധിച്ച് സോണിയ ഗാന്ധി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചത്.
ദിഗ് വിജയ് സിംഗും ശശി തരൂരും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. എന്നാല്‍, മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയാല്‍ ദിഗ്‌വിജയ് സിംഗ് പിന്നീട് പത്രിക പിന്‍ വലിക്കുമെന്നും സൂചനയുണ്ട്.
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപിത ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ 22-ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം സെപ്റ്റംബർ 24 മുതൽ സെപ്റ്റംബർ 30 വരെ നിജപ്പെടുത്തുകയും ചെയ്തിരുന്നു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചാൽ ഒക്‌ടോബർ 17-ന് വോട്ടെടുപ്പ് നടത്തി 19-ന് ഫലം പ്രഖ്യാപിക്കും....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...